മതിൽ ഇടിഞ്ഞു വീണ് തൊഴിലാളികൾക്ക് പരിക്ക്
1375025
Friday, December 1, 2023 11:17 PM IST
കട്ടപ്പന: കട്ടപ്പന നരിയംപാറയിൽ മതിൽ ഇടിഞ്ഞു വീണ് തൊഴിലാളികൾക്കു പരിക്ക്. റോഡരികിലെ ജല അഥോറിറ്റിയുടെ പൈപ്പുകൾ മാറ്റുന്നതിനിടെ പള്ളിയുടെ മതിൽ തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
മേമല പുത്തൻപുരയ്ക്കൽ ഷിബിൻ, ചപ്പാത്ത് സുജിത് ഭവൻ സുധീഷ്, നെടുങ്കണ്ടം വട്ടക്കാട്ട് സാബു എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടം നടന്നത്.
മതിലിനടിയിൽ കുടുങ്ങിയ മൂന്നു പേരെയും മറ്റു തൊഴിലാളികൾ ചേർന്ന് ഉടൻതന്നെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടുപോയി.മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിനാൽ ഏറെ നാളുകളായി ഈ പാതയിൽ ജല അഥോറിറ്റിയുടെ പൈപ്പുകൾ മാറ്റുന്ന ജോലികൾ നടക്കുന്നുണ്ട്.