സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ വീട് കയറി ആക്രമിച്ചതായി പരാതി
1375022
Friday, December 1, 2023 11:03 PM IST
നെടുങ്കണ്ടം: സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീട് കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പാറത്തോട് അമ്പലപ്പറമ്പില്‍ കരുണാകരന്റെ വീട്ടിലാണ് ആക്രമണം നടന്നത്.
സ്വകാര്യ വ്യക്തിയില്‍ നിന്നു പലിശയ്ക്കു വാങ്ങിയ പണം തിരികെ നല്‍കാനുള്ള തീയതി കഴിഞ്ഞതോടെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും വീട് കയറി ആക്രമിക്കുകയും ചെയ്തതായാണ് ആരോപണം.
ഏതാനും നാൾ മുമ്പ് കരുണാകരന് സ്വകാര്യ വ്യക്തിയില്‍നിന്ന് ഒരു ലക്ഷം രൂപ പലിശയ്ക്കു കടം വാങ്ങിയിരുന്നു. ഈടായി ചെക്കും മറ്റു രേഖകളും നല്കി. ഇതുവരെ 60,000 രൂപ തിരികെ നല്‍കിയതായും കരുണാകരന് പറയുന്നു. വ്യാഴാഴ്ച ഒരു ലക്ഷം രൂപ തിരികെ നല്‍കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, സാമ്പത്തിക ബാധ്യത മൂലം അന്ന് പണം നല്‍കാനായില്ല.
ഇതേത്തുടര്‍ന്ന് സിപിഎം പാറത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കുകയും പാര്‍ട്ടി ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, വരാന്‍ കഴിയില്ലെന്നു പറഞ്ഞതോടെ ഇയാളുടെ നേതൃത്വത്തില്‍ 25 പേർ അടങ്ങുന്ന സംഘം വീട്ടില്‍ എത്തുകയും ആക്രമിച്ചതായും കരുണാകരന് പറയുന്നു.
തമിഴ്നാട് സ്വദേശിയായ തന്നെ ഇവിടെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും കരുണാകരന് ആരോപിച്ചു. ഇയാള്‍ ഉടുമ്പന്‍ചോല പോലീസില്‍ പരാതി നൽകി.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം പാറത്തോട് ലോക്കല്‍ കമ്മിറ്റി പ്രതികരിച്ചു. ഒരു സ്ത്രിയിൽനിന്നു കരുണാകരന് രണ്ടു വര്‍ഷം മുമ്പ് പണം വാങ്ങിയിരുന്നു.
തിരികെ ലഭിക്കാതായതോടെ ഇവര്‍ പാര്‍ട്ടിയെ സമീപിച്ച് ഇടപെടണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പണം നല്കിയ സ്ത്രീ പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം കരുണാകരന്റെ വീട്ടിൽ എത്തുകയായിരുന്നു. ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലോക്കല്‍ കമ്മിറ്റി പ്രതികരിച്ചു.