ഇടിമിന്നലിൽ പലചരക്കുകട കത്തിനശിച്ചു
1375020
Friday, December 1, 2023 11:03 PM IST
നെടുങ്കണ്ടം: ഇടിമിന്നലിനെത്തുടര്ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വട്ടപ്പാറയില്‍ പലചരക്കുകട കത്തിനശിച്ചു. കാരുണ്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ സ്റ്റോര്സിലാണ് തീപിടിത്തം ഉണ്ടായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ഈ സമയം ശക്തമായ ഇടിമിന്നല്‍ പ്രദേശത്തുണ്ടായി. പിന്നീട് കടയ്ക്കുള്ളില്‍നിന്നു പുക ഉയരുന്നതുകണ്ട പ്രദേശവാസികള്‍ കടയുടെ നടത്തിപ്പുകാരനെ വിളിച്ച് വിവരം പറയുകയായിരുന്നു.
ഈ സമയം കട അടച്ചിട്ടിരിക്കുകയായിരുന്നു. നടത്തിപ്പുകാരന് എത്തി കട തുറന്നപ്പോഴാണ് കടയ്ക്കുള്ളില്‍ തീ ആളിപ്പടരുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നെടുങ്കണ്ടം ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് തീ പൂര്‍ണമായി അണച്ചത്.
പലചരക്ക്, സ്റ്റേഷനറി വ്യാപാരം നടത്തുന്ന സ്ഥാപനത്തിലെ ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. വൈദ്യുത ഫ്യൂസ് തെറിച്ചുപോയ നിലയിലായിരുന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.