കാട്ടാനകൾ ജനവാസമേഖലയിൽ; ഉള്ളു പിടഞ്ഞ് ജനങ്ങൾ
1375019
Friday, December 1, 2023 11:03 PM IST
ഉടുന്പന്നൂർ: ഹൈറേഞ്ച് മേഖലയിലെ വനാന്തരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലും സ്വൈരവിഹാരം നടത്തിയിരുന്ന കാട്ടാനക്കൂട്ടം ഭീതി വിതച്ച് നാട്ടിൻപുറങ്ങളിലേക്കും ഇറങ്ങിത്തുടങ്ങിയതോടെ ജനങ്ങൾ ഭീതിയുടെ മുൾമുനയിൽ. തൊമ്മൻകുത്ത് നാൽപ്പതേക്കറിൽ വാഴ ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടം ഒരാഴ്ചയിലേറെയായി അമയപ്ര കച്ചിറമുഴി ഭാഗത്തും ഭീതി വിതച്ച് വിലസുകയാണ്.
ഇത്രയും ദിവസമായിട്ടും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താൻ വനംവകുപ്പ് അധികൃതർ ചെറുവിരൽപോലും അനക്കാത്തതിനെതിരേ ജനങ്ങൾക്കിടയിൽ പ്രതിഷേധം അലയടിക്കുകയാണ്. 150-ഓളം കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശമാണിവിടം.
കൊന്പനും അഞ്ചു പിടിയാനകളും കുട്ടിയാനയും ഉൾപ്പെടുന്ന കൂട്ടമാണ് ഇവിടെ തന്പടിച്ചിരിക്കുന്നത്. തോയലിൽ അനീഷിന്റെ പഴയ വീടും കൃഷിയും ആനക്കൂട്ടം നശിപ്പിച്ചു. പകൽസമയം തേക്കിൻകൂപ്പിൽ മേഞ്ഞുനടക്കുന്ന ആനക്കൂട്ടമാണ് രാത്രിയാകുന്നതോടെ ജനവാസ മേഖലകളിൽ സ്വൈര വിഹാരം നടത്തുന്നത്.
ഇതോടെ ഭീതിയിലായ ആളുകൾ ഉറക്കമിളച്ച് കാവലിരിക്കേണ്ട അവസ്ഥയാണ്. രാത്രിയിൽ ആനയുടെ ചിന്നംവിളി കേൾക്കുന്പോൾ ആളുകളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. പടക്കം പൊട്ടിച്ചാണ് ജനവാസമേഖലയിൽ ആനകളെത്തുന്നത് തടയുന്നത്. സമീപത്ത് പുഴയുള്ളതിനാൽ ഈ ഭാഗത്തേക്ക് ആന എത്തില്ലെന്ന നാട്ടുകാരുടെ ആത്മവിശ്വാസവും കുറഞ്ഞുവരികയാണ്.
ആനക്കൂട്ടത്തിന്റെ സഞ്ചാരപാത ആർക്കും നിശ്ചയിക്കാനാവാത്തതിനാൽ രാത്രിയിൽ വീടിനു പുറത്തിറങ്ങാൻപോലും പലരും ഭയപ്പെടുകയാണ്. കാലികളെ മേയ്ക്കാൻപോലും കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അഞ്ചു പതിറ്റാണ്ടിനിടെ ആദ്യം
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ ഈ മേഖലയിൽ കാട്ടാനകളെ കണ്ടതായി ഓർമയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഉടുന്പന്നൂർ അമയപ്ര യാക്കോബായ പള്ളി ജംഗ്ഷനിൽനിന്നു ഒരു കിലോമീറ്റർ ദൂരം മാത്രമാണ് കച്ചിറമുഴിയിലേക്കുള്ളത്. ഇവിടേക്ക് സ്വകാര്യബസ് സർവീസുമുണ്ട്.
വേളൂർ തേക്ക് പ്ലാന്റേഷൻവഴിയാണ് ആനകൾ ജനവാസമേഖലയിലേക്ക് എത്തുന്നത്. തേക്ക് പ്ലാന്റേഷനിൽ കാളിപ്പനകൾ ധാരാളമുള്ളതിനാൽ ഇവ ഭക്ഷിക്കാനാണ് ഉൾവനങ്ങളിൽനിന്ന് ഇവയെത്തുന്നത്. രാത്രിയിൽ ഇവിടെയെത്തുന്ന ആനകൾ പന തള്ളിവീഴ്ത്തുന്ന ശബ്ദം പതിവായി കേൾക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
കണ്ണിൽ കണ്ടതെല്ലാം ചവിട്ടിമെതിച്ച്, കൃഷികൾ നശിപ്പിച്ച് പ്രദേശത്ത് തന്പടിക്കുന്ന കാട്ടാനകൾക്ക് ധാരാളം തീറ്റയും ലഭിക്കുന്നുണ്ട്. അതിനാൽ ആനകൾ ഇവിടെ തന്പടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു പ്രദേശവാസികളുടെ ജീവിതം തീരാദുരിതത്തിലും തോരാകണ്ണീരിലുമാക്കും.
കൂടുതൽ ദിവസങ്ങൾ കാട്ടാനക്കൂട്ടം ഇവിടെ തന്പടിച്ചാൽ വേനലിൽ പുഴയിലെ വെള്ളം വറ്റുന്നതോടെ പുഴയുടെ ഇക്കരെ ഭാഗത്തേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ വന്നാൽ കൂട്ടപ്പലായനമല്ലാതെ മറ്റൊരു മാർഗവും ജനങ്ങൾക്കു മുന്നിലുണ്ടാകുകയില്ല.
എന്നാൽ, അധികൃതരുടെ നിസംഗതയാണ് ജനങ്ങളെ വലയ്ക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം വാങ്ങി സുഖനിദ്രയിൽ കഴിയുന്ന അധികൃതർക്കെതിരേ കടുത്ത പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്.
കൃഷിനാശമുണ്ടായ കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകാനും വനംവകുപ്പധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.