കട്ടപ്പന–മൂന്നാർ റൂട്ടിൽ കെഎസ്ആർടിസി സർവീസ്
1375014
Friday, December 1, 2023 11:03 PM IST
കട്ടപ്പന: ജനങ്ങളുടെ നിരന്തര അഭ്യർഥന പ്രകാരം കട്ടപ്പന–വെള്ളത്തൂവൽ–മൂന്നാർ റൂട്ടിൽ കെഎസ്ആർടിസി പുതിയ സർവീസ് തുടങ്ങി. കട്ടപ്പന ഡിപ്പോയില്‍നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് മുരിക്കാശേരി–ആനച്ചാൽ വഴി മൂന്നാറിന് ഓർഡിനറി സർവീസാണ് ആരംഭിച്ചത്.
9.35ന് മൂന്നാറിലെത്തും. തിരികെ 10ന് ആരംഭിച്ച് ആനച്ചാൽ–വെള്ളത്തൂവൽ–കൊന്നത്തടി–കമ്പിളിക്കണ്ടം–മുരിക്കാശേരി–തോപ്രാംകുടി–തങ്കമണി വഴി കട്ടപ്പനയിലെത്തും. ഉച്ചകഴിഞ്ഞ് 1.35ന് ചെമ്പകപ്പാറ–തോപ്രാംകുടി മുരിക്കാശേരി–കമ്പിളികണ്ടം–വെള്ളത്തൂവൽ–ആനച്ചാൽ വഴി 4.40ന് മൂന്നാറിലെത്തും. തിരികെ ഇതേറൂട്ടിൽ തോപ്രാംകുടി-തങ്കമണി വഴി രാത്രി 8.5ന് കട്ടപ്പനയിലെത്തും.
വെള്ളത്തൂവൽ, മൂന്നാർ, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സർക്കാർ ഓഫീസുകളിലും കോടതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന നിരവധി ജീവനക്കാർക്കും നാട്ടുകാർക്കും മുരിക്കാശേരി പാവനാത്മ കോളജിലെ വിദ്യാർഥികൾക്കും സർവീസ് പ്രയോജനകരമാകും.
കോവിഡ് കാലത്ത് നിർത്തലാക്കിയ സർവീസ് പുനരാരംഭിക്കണമെന്ന നിരന്തര ആവശ്യമാണ് മന്ത്രി റോഷി അഗസ്റ്റിൻ, കെഎസ്ആർടിസി മുൻ ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ് എന്നിവരുടെ ഇടപെടലിലൂടെ യാഥാര്‍ഥ്യമായത്.