റവന്യുഭൂമി വനമാക്കുന്നതിൽ മന്ത്രിയും എംഎൽഎമാരും മറുപടി പറയണം: ജോയി വെട്ടിക്കുഴി
1375013
Friday, December 1, 2023 11:03 PM IST
കട്ടപ്പന: ദേവികുളം താലൂക്കിലെ ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ റവന്യു ഭൂമി റിസർവ് വനമാക്കുന്നതു സംബന്ധിച്ച് ജില്ലയിൽനിന്നുള്ള മന്ത്രിയും ജില്ലയിലെ എംഎൽഎമാരും നിലപാട് വ്യക്തമാക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
ചിന്നക്കനാലിലെ റവന്യുഭൂമി വനഭൂമിയാക്കുന്നതു സംബന്ധിച്ച് കാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഒപ്പിട്ട് വനംവകുപ്പ് 19/2023 നന്പരായി ഇറക്കിയിട്ടുള്ള ഗവണ്മെന്റ് ഉത്തരവും 23-10-2023ലെ എസ്ആർഒ നന്പർ 1119/2023 ആയി ഇറക്കിയിട്ടുള്ള ഗസറ്റ് വിജ്ഞാപനവും മന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. അറിയാതെയാണെങ്കിൽ നിരുത്തരവാദിത്വത്തിന്റെ പേരിൽ ജനങ്ങളോടു മാപ്പ് പറയണം.
സർക്കാർ തീരുമാനത്തെ വിമർശിക്കുന്ന എം.എം. മണി എംഎൽഎ ഗവണ്മെന്റ് ഉത്തരവ് അസാധുവാക്കിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കണം. ഇടതുപക്ഷ നേതാക്കൾക്ക് ജില്ലയിൽ ഒരു നിലപാടും തിരുവനന്തപുരത്ത് എത്തുന്പോൾ വിരുദ്ധ നിലപാടുമാണ്.
ഒരു സെന്റ് വനഭൂമി പോലുമില്ലാത്ത ചിന്നക്കനാൽ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളിലെ 634.39 ഹെക്ടർ സ്ഥലമാണ് റിസർവ് വനം ആക്കിയിരിക്കുന്നത്. 60 വർഷത്തിലേറെയായി കൃഷി ചെയ്തു ജീവിക്കുന്ന 400 കർഷക കുടുംബങ്ങളെ വഴിയാധാരമാക്കുന്നതിനുള്ള ആസൂത്രണ നീക്കത്തിന്റെ ഭാഗമാണിത്. ഇപ്പോൾ പട്ടയം ഇല്ലാത്ത കൈവശ കൃഷിക്കാരെ അവരുടെ ഭൂമി റിസർവ് വനമാക്കി ഇറക്കിവിടാനാണ് ശ്രമിക്കുന്നത്.
വി.എസ്. അച്യുതാനന്ദന്റെ കാലത്ത് ഹൈറേഞ്ചിൽനിന്നു ജനങ്ങളെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ വനംവകുപ്പ് ആരംഭിച്ച ഗൂഢനീക്കത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്.
ജനങ്ങൾ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കിൽ ഈ ഗവണ്മെന്റിന്റെ കാലാവധി പൂർത്തിയാകുന്നതിനുമുന്പ് ഹൈറേഞ്ച് മുഴുവൻ റിസർവ് വനമായി പ്രഖ്യാപിക്കും.
ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം ’ചിന്നക്കനാൽ റിസർവ്’ എന്ന പേരിൽ റിസർവ് വനം ആക്കുന്നതിനുള്ള സർക്കാർ ഉത്തരവ് അടിയന്തരമായി റദ്ദാക്കണം. ഒരു കുടുംബത്തെപ്പോലും കുടിയിറക്കാൻ അനുവദിക്കില്ലെന്നും കർഷക കുടുംബങ്ങൾക്ക് നിയമപരവും രാഷ്ട്രീയവുമായ എല്ലാ സംരക്ഷണവും നൽകാൻ യുഡിഎഫ് അവരോടൊപ്പം ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.