വിഷരഹിത പച്ചക്കറിയുമായി വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂൾ
1374792
Friday, December 1, 2023 12:23 AM IST
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് യുപി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി സ്കൂൾ പരിസരത്ത് നട്ടുവളർത്തിയ വിഷരഹിത പച്ചക്കറിക്ക് നൂറുമേനി വിളവ്. സ്കൂൾ പിടിഎയുടെ സഹകരണത്തോടെ നട്ടുപിടിപ്പിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വാഴത്തോപ്പ് കൃഷി ഓഫീസർ ലിനറ്റ് ജോർജ് ഉദ്ഘാടനം ചെയ്തു.
തക്കാളി, കോവൽ, വെണ്ട, പയർ, വഴുതന, പച്ചമുളക്, സാമ്പാർ ചീര, മത്തൻ എന്നിവയാണ് വിദ്യാർഥികളുടെ പരിചരണത്തിൽ നൂറുമേനി വിളവ് നൽകിയത്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജാൻസി വി. ആന്റണി, കാർഷിക ക്ലബ് കോ-ഓർഡിനേറ്റർ ലിജോ സെബാസ്റ്റ്യൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.