ആനവച്ചാലിലെ പാർക്കിംഗ് ഗ്രൗണ്ട് സർവേ ചെയ്യണം: സുപ്രീം കോടതി
1374790
Friday, December 1, 2023 12:23 AM IST
കുമളി: തേക്കടിയിൽ എത്തുന്ന സഞ്ചാരികൾക്കായി ആനവച്ചാലിൽ വനംവകുപ്പ് നിർമിച്ച വാഹന പാർക്കിംഗ് ഗ്രൗണ്ട് സർവേ നടത്താൻ സുപ്രീം കോടതി നിർദേശം നൽകി. പാർക്കിംഗ് ഗ്രൗണ്ട് തമിഴ്നാടിന്റെ പാട്ടഭൂമിയിലാണെന്ന തമിഴ്നാട് സർക്കാരിന്റെ വാദം പരിഗണിച്ചാണ് കോടതി നിർദേശം.
2014 ൽ പെരിയാർ കടുവാ സങ്കേതത്തിനുള്ളിലുണ്ടായിരുന്ന വാഹന പാർക്കിംഗ് വനമേഖലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ദേശീയ കടുവാ സംരക്ഷണ അഥോറിറ്റി നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പിന്റെ കൈവശമുള്ള ആനവച്ചാലിൽ വനംവകുപ്പ് പാർക്കിംഗ് സംവിധാനം ഒരുക്കുകയായിരുന്നു. ഇതിനെതിരേ രണ്ടുപേർ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു.
കേസിൽ കക്ഷി ചേർന്ന തമിഴ്നാട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയിൽ എത്തുമ്പോൾ വെള്ളം കയറുന്ന തമിഴ്നാടിന്റെ പാട്ടഭൂമിയാണിതെന്ന് വാദിച്ചു. ജലനിരപ്പ് 152 അടിയിലെത്തിയാലും പാർക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തുനിന്നു 500 മീറ്റർ അകലെവരെ മാത്രമേ വെള്ളം എത്തുകയുള്ളൂവെന്ന് ട്രിബ്യൂണൽ നിയോഗിച്ച സർവേ ഓഫ് ഇന്ത്യ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 2017ൽ പാർക്കിംഗ് ഗ്രൗണ്ട് പണിയാൻ ട്രിബ്യൂണൽ അനുമതി നൽകുകയും ചെയ്തു.
എന്നാൽ, 2014ൽ തമിഴ്നാട് സുപ്രീം കോടതിയിൽ നൽകിയ മറ്റൊരു കേസിൽ ഈ ആവശ്യം തമിഴ്നാട് കൂട്ടിച്ചേർക്കുകയായിരുന്നു.
രണ്ടു സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്നു മാസത്തിനകം സർവേ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, ഉത്തരവ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരള വനംവകുപ്പ് അധികൃതർ പറയുന്നു.