അഞ്ചുരുളിയിൽ പ്രവേശനം തടഞ്ഞ വനംവകുപ്പ് നടപടിയിൽ പ്രതിഷേധം
1374788
Friday, December 1, 2023 12:23 AM IST
കട്ടപ്പന: അഞ്ചുരുളി മുനമ്പിലേക്കുള്ള പ്രവേശനം തടഞ്ഞ വനംവകുപ്പ് നടപടിയിൽ യുഡിഎഫ് പ്രതിഷേധിച്ചു. കഴിഞ്ഞ 23 നാണ് കാഞ്ചിയാർ പേഴുംകണ്ടത്തെ തേക്ക് പ്ലാന്റേഷനിലേക്കും വിനോദസഞ്ചാരികൾ എത്തുന്ന അഞ്ചുരുളി മുനമ്പിലേക്കുമുള്ള പ്രവേശനം വനംവകുപ്പ് തടഞ്ഞത്. സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്ന കാരണം കാട്ടിയായിരുന്നു വനപാലകരുടെ നടപടി.
ടൂറിസത്തിന് തടസമാകുന്ന ഇത്തരം നിലപാടിൽനിന്നു വനംവകുപ്പ് പിന്മാറണമെന്ന് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. വാഹന പ്രവേശനം മാത്രമാണ് നിരോധിക്കുന്നത് എന്നായിരുന്നു വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ, വേലി നിർമാണം പൂർത്തിയാക്കി ആളുകൾക്ക് കയറാൻ കഴിയാത്ത തരത്തിൽ ഗേറ്റ് പൂട്ടിയതോടെയാണ് പ്രതിഷേധം ശക്തമായത്.
ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ സാധ്യതയുള്ള മുനമ്പിലെ പ്രവേശനം തടഞ്ഞതിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊതുപ്രവർത്തകരുടെ ആരോപണം.