ക്രിസ്മസിന്റെ നിറശോഭയിൽ വിപണിയിൽ പുതു ചലനം
1374782
Friday, December 1, 2023 12:23 AM IST
തൊടുപുഴ: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിത്തുടങ്ങി. നക്ഷത്രങ്ങളും പുൽക്കൂടുകളും സാന്താക്ലോസും കണ്ണഞ്ചിപ്പിക്കുന്ന എൽഇഡി ബൾബുകളുടെ വർണവിസ്മയവുമായി വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക ക്രിസ്മസ് കോർണറുകളൊരുങ്ങി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലയിൽ വലിയ വ്യതിയാനമില്ലാതൊണ് ക്രിസ്മസ് ഉത്പന്നങ്ങൾ ഇത്തവണ വിപണിയിലെത്തിയിരിക്കുന്നത്.
ഡിസംബർ എത്തുന്നതോടെയാണ് ക്രിസ്മസ് കോർണറുകളിൽ തിരക്കു വർധിക്കുന്നത്. ക്രിസമ്സ് രാവുകളിൽ വീടുകൾ അലങ്കരിക്കാനായി ഇപ്പോൾതന്നെ ആളുകൾ പല ഉത്പന്നങ്ങളും വാങ്ങിത്തുടങ്ങി. വരും ദിവസങ്ങളിൽ വിപണിയിൽ തിരക്കു കൂടുമെന്നതിനാൽ പരമാവധി വില്പന കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ.
പതിവു പോലെ പല വർണങ്ങളിലുള്ള നക്ഷത്രങ്ങളും പുൽക്കൂടുകളുമാണ് വില്പനയിൽ മുൻപന്തിയിൽ നിൽക്കുന്ന ക്രിസ്മസ് ഉത്പന്നങ്ങൾ. പേപ്പർ നക്ഷത്രങ്ങളെ അപേക്ഷിച്ച് എൽഇഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. വീടു മുഴുവൻ അലംകൃതമാകുമെന്നതിനാലാണ് എൽഇഡി ബൾബുകൾക്ക് ആവശ്യക്കാർ ഏറെയുള്ളത്.
കൂടാതെ ഇതു സൂക്ഷിച്ചുവച്ചാൽ വീണ്ടും ഉപയോഗിക്കാനാവും. അഞ്ചു രൂപ മുതലുള്ള ചെറിയ പേപ്പർ നക്ഷത്രങ്ങൾ മുതൽ 300 രൂപ വരെയുള്ളവ വിപണിയിലുണ്ട്. എൽഇഡി നക്ഷത്രങ്ങൾക്ക് 110 മുതൽ 2000 രൂപ വരെയാണ് വില.
തിരുപ്പിറവിയുടെ ഓർമ പുതുക്കുന്പോൾ നക്ഷത്രവിളക്കുകൾ കഴിഞ്ഞാൽ ആവശ്യക്കാർ ഏറെയുള്ളത് പുൽക്കൂടുകൾക്കും ക്രിസ്മസ് സെറ്റുകൾക്കുമാണ്. കേരളത്തിൽ കുടിൽവ്യവസായമായി ക്രിസ്മസ് കാലത്തെ വില്പനക്കായി പുൽക്കൂടുകൾ നിർമിക്കുന്നുണ്ട്. ഇത്തരം റെഡിമെയ്ഡ് പുൽക്കൂടുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. നിർമാണത്തിലെ പുതുമയും കൂടുതൽ കാലം ഈടു നിൽക്കുന്നതുമാണ് റെഡിമെയ്ഡ് പുൽക്കൂടുകളുടെ ആകർഷണം. ചൂരലിലാണ് ഇപ്പോൾ പുൽക്കൂടുകൾ കൂടുതലായി നിർമിക്കുന്നത്.
വിപണിയിൽ 500 രൂപ മുതൽ 1600 രൂപ വരെയുള്ള റെഡിമെയ്ഡ് പുൽക്കൂടുകൾ വില്പനയ്ക്കായുണ്ട്. പുൽക്കൂടുകളിൽ സ്ഥാപിക്കുന്ന രൂപങ്ങളുടെ സെറ്റിന് 200 രൂപ മുതൽ വിലയുണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസിലും പോളി മാർബിളിലും ചൈനാനിർമിതമായ ക്രിസ്മസ് സെറ്റുകളാണ് വിപണിയിൽ ഉള്ളത്. പോളി മാർബിളിൽ നിർമിച്ച സെറ്റുകൾക്ക് 8000 രൂപ വരെ വിലയുണ്ട്. 18,000 രൂപ വരെ വിലയുള്ള ഇംപോർട്ടഡ് മെറ്റീരിയലിൽ നിർമിച്ച സെറ്റുകളും വിപണിയിലുണ്ട്. ഇതോടൊപ്പം 200 രൂപ മുതൽ 9000 രൂപ വരെ വിലയുള്ള ക്രിസ്മസ് ട്രീകളും വില്പനയ്ക്കായി എത്തിയിട്ടുണ്ട്. രണ്ടടി മുതൽ 10 അടി വരെയാണ് ക്രിസ്മസ് ട്രീകളുടെ ഉയരം.
സാന്താക്ലോസിന്റെ മുഖംമൂടിക്ക് 150 രൂപ മുതൽ 450 രൂപ വരെ വില നൽകണം. സാന്താക്ലോസ് തൊപ്പിക്ക് 15 രൂപ മുതലാണ് വില. സാന്താക്ലോസിന്റെ നീളൻ ചുവപ്പ് കുപ്പായത്തിന് 1500 രൂപ മുതൽ 2,500 രൂപ വരെയാണ് വില. ഇതിനു പുറമേ വീടുകൾ അലങ്കരിക്കാനുള്ള മാല ബൾബുകൾക്കും ആവശ്യക്കാർ ഏറെയാണ്. 80 രൂപ മുതൽ 2000 രൂപ വരെയാണ് ഇവയുടെ വില.