മറയൂരിലെ ആദിവാസി ഊരുകളിൽ വികസന വെളിച്ചം
1374541
Thursday, November 30, 2023 1:00 AM IST
മറയൂർ: വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസി ഊരുകളിൽ വികസന പദ്ധതികൾ തയാറാക്കി സംസ്ഥാന പട്ടിക വർഗ വകുപ്പ് മൂന്നുകോടി രൂപ അനുവദിച്ചു. മറയൂർ ചന്ദന റിസർവിനുളളിലെ ഇരുട്ടള കുടി, കമ്മാളം കുടി, ഈച്ചാംപെട്ടികുടി എന്നിവടങ്ങളിലേക്കാണ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരോ കോടി രൂപ വീതം അനുവദിച്ചത്.
ഊരുകൂട്ടം ചേർന്ന് ഊരു നിവാസികൾ ആവശ്യപ്പെട്ട കാര്യങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തയാറാക്കിയ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. മറയൂരിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണോദ്ഘാടനം എ. രാജ എംഎൽഎ നിർവഹിച്ചു.
സ്വാമിയോടയിൽ സംഘടിച്ച ചടങ്ങിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ എത്തിയിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ മറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി, വൈസ് പ്രസിഡന്റ് ജോമോൻ തോമസ് , ജില്ലാ പഞ്ചായത്തംഗം സി. രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സത്യവതി പളനിസ്വാമി, വിജയ് കാളിദാസ്, അംബിക രഞ്ജിത് തുടങ്ങിയവർ പ്രസംഗിച്ചു.