വനംവകുപ്പിന്റെ കടുംപിടിത്തം: നഷ്ടമായത് ദൃശ്യഭംഗിയും വികസനവും
1374539
Thursday, November 30, 2023 12:59 AM IST
വണ്ണപ്പുറം: ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തിയിരുന്ന പട്ടയക്കുടി മീനുളിയാൻ പാറയിലേക്കുള്ള പ്രവേശനത്തിന് വനംവകുപ്പ് അനുമതി നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടേക്കുള്ള പ്രവേശനം വനംവകുപ്പ് നിരോധിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. വനം നിയമത്തിന്റെ പഴുതുപയോഗിച്ച് പട്ടയക്കുടിയുടെ വിനോദസഞ്ചാര സാധ്യതകൾക്കു തടയിടുകയായിരുന്നു വനംവകുപ്പ്. ടൂറിസം വികസനത്തിനൊപ്പം ആദിവാസി മേഖലയായ ഇവിടെ ചെറുകിട സംരഭങ്ങൾ നടത്തിയിരുന്നവരുടെ വരുമാനവും ഇതോടെ ഇല്ലാതായി.
ദൃശ്യചാരുതകൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ് മീനുളിയാൻ പാറ. ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് വനം വകുപ്പ് ബോർഡ് സ്ഥാപിച്ചപ്പോൾ ഉടൻ വന സംരക്ഷണ സമിതികൾ രൂപികരിച്ച് ഇവരുടെ മേൽ നോട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശനവും സുരക്ഷയും ഉറപ്പാക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇത് പാഴ് വാക്കായി മാറി.
സാമൂഹ്യമാധ്യമങ്ങളിലൂടെയും വ്ളോഗർമാർ വഴിയും പട്ടയക്കുടിയും മീനുളിയാൻപാറയും ഏറെ പ്രശസ്തമായതോടെ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയും ഇതോടു ചേർന്നുള്ള പാഞ്ചാലിക്കുളവും ഏണിതാഴം മുടിയും കാണാനെത്തിയിരുന്നത്. ഇതോടെ ഇവിടത്തെ ചെറുകിട കച്ചവടക്കാർക്കും ജീപ്പ് ഡ്രൈവർമാർക്കും നല്ല വരുമാനവും ലഭിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികളുടെ വലിയ പ്രവാഹമായിരുന്നു. എന്നാൽ വനം വകുപ്പ് പ്രവേശനം തടഞ്ഞതോടെ സഞ്ചാരികൾ ഇവിടേക്ക് വരാതായി. ഇതോടെ ആദിവാസികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ ഉപജീവനവും വരുമാനവും നാടിന്റെ വികസനവും അന്യമായി. വനം വകുപ്പിന്റെ നിലപാടു മൂലം ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധ നേടിയ പ്രദേശത്തിന്റെ വികസന സാധ്യതകളാണ് ഇതോടെ ഇല്ലാതായത്.