മൂലമറ്റത്ത് തട്ടിപ്പുകാരുടെ വിളയാട്ടം അന്വേഷണം പ്രഹസനം
1374537
Thursday, November 30, 2023 12:59 AM IST
മൂലമറ്റം: തട്ടിപ്പുകാരും മോഷ്ടാക്കളും വിലസുന്പോഴും പോലീസിന്റെ അന്വേഷണം പ്രഹസനമാകുന്നതായി ആക്ഷേപം. ഗൂഗിൾ പേ വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്നയാളെക്കുറിച്ചുള്ള പരാതിയിലാണ് അന്വേഷണം ഇഴയുന്നത്. വ്യാപാരസ്ഥാപനങ്ങളിൽ വിളിച്ച് സർക്കാർ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തി വാഹനം തകരാറിലാണെന്നും അതിനാൽ പണം ഗൂഗിൾപേ വഴി അയയ്ക്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പു നടത്തുന്നതാണ് ഇയാളുടെ രീതി. അറക്കുളം പഞ്ചായത്തിലെ നിരവധി വ്യാപാരികളുടെ പണം ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തതായി പരാതിയുണ്ട്.
വാത്തിക്കുടി സ്വദേശിയായ ഇയാൾ യാത്രകളിൽ വ്യാപാരസ്ഥാപനങ്ങളുടെ ബോർഡിന്റെ ഫോട്ടോ എടുത്ത ശേഷം ഫോണിൽ വിളിച്ച് തട്ടിപ്പ് നടത്തുകയാണ് ചെയ്യുന്നത്. അറക്കുളം അശോക കവലയിൽ കോഴി വിൽപന ശാലയിൽ വിളിച്ച് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് 1000 രൂപ ആവശ്യപ്പെട്ടു. എന്നാൽ മർച്ചന്റ്സ് അസോസിയേഷൻ എല്ലാ വ്യാപാരികൾക്കും ഇയാളുടെ ഫോണ് നന്പർ അടക്കം വിവരം നൽകിയതിനാൽ പണം നഷ്ടമായില്ല. പിന്നീട് കൃഷിവകുപ്പ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി വാഹനം വഴിയിൽ തകരാറിലായതായി പറഞ്ഞ് പുളിക്കൽ റബർ നഴ്സറി ഉടമയോട് പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ ഒരു ഉദ്യോഗസ്ഥൻ കൃഷി വകുപ്പിലില്ലെന്നു കണ്ടെത്തിയതിനെത്തു ടർന്ന് കഴിഞ്ഞ മാസം കാഞ്ഞാർ പോലീസിൽ പരാതി നൽകി. എന്നാൽ അടുത്ത ദിവസം സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരനെന്നു പരിചയപ്പെടുത്തി ആധാരം എഴുത്തുകാരനിൽനിന്ന് 1000 രൂപ തട്ടിയെടുത്തു. വ്യാപാരസ്ഥാപനവുമായി ബന്ധമുള്ള ഉദ്യോഗസ്ഥൻ എന്ന വ്യാജേനെയാണ് ഇയാൾ ഫോണിൽ ബന്ധപ്പെടുന്നത്. അറക്കുളം പഞ്ചായത്തിൽനിന്നു മാത്രം നിരവധിപ്പേരിൽനിന്ന് ഇത്തരത്തിൽ പണം തട്ടിയതായി പരാതിയുണ്ട്. കൂടുതൽ വ്യാപാരികൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായും സൂചനയുണ്ട്.
ജില്ലയിൽ പലയിടങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചെന്ന് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കാഞ്ഞാർ പോലീസിൽ ഇയാളുടെ ഫോണ് നന്പർ സഹിതം പരാതി നൽകിയെങ്കിലും തട്ടിപ്പുകാരൻ ബിഎസ്എൻഎൽ നന്പർ ഉപയോഗിക്കുന്നതിനാൽ കണ്ടുപിടിക്കാൻ സാധിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പിന്നീട് ഇയാൾ എയർടെൽ നന്പർ ഉപയോഗിച്ച് തട്ടിപ്പ് തുടരുന്ന വിവരം പോലീസിൽ അറിയിച്ചപ്പോൾ ആ നന്പരും ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. തട്ടിപ്പ് തുടരുന്ന സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഭാരവാഹികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്നും ഇയാളുടെ ഫോട്ടോ ലഭിച്ചെന്നുമാണ് പോലീസ് പറയുന്നത്. പരാതി സംബന്ധിച്ച് വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറിയും പണം നഷ്ടപ്പെട്ടവരും പൈനാവ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്.
വെള്ളിയാമറ്റം പഞ്ചായത്തിൽ സ്ഥലമുള്ള ഒരാളുടെ റബർപാൽ മോഷ്ടിച്ച് ഓട്ടോയിൽ കടത്തിയതു സംബന്ധിച്ചും കാഞ്ഞാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം നടത്താൻ പോലീസ് തയാറായിട്ടില്ല. മാസങ്ങൾക്കു മുന്പ് മൂലമറ്റത്തെ ബവ്കോ ഒൗട്ട്ലെറ്റിൽ ഉൾപ്പെടെ അഞ്ചോളം സ്ഥാപനങ്ങളിൽ മോഷണം നടന്നെങ്കിലും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്.