നവകേരള സദസിന് പണം ; കോൺഗ്രസ് അംഗം യുഡിഎഫ് നിലപാട് അംഗീകരിച്ചില്ല
1374533
Thursday, November 30, 2023 12:59 AM IST
നെടുങ്കണ്ടം: വിവാദങ്ങൾക്കൊടുവിൽ കരുണാപുരം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ നവകേരള സദസ് ഫണ്ട് അജൻഡയിൽ ഉൾപ്പെടുത്തി. പ്രതിപക്ഷ - ഭരണപക്ഷ തർക്കങ്ങൾക്കൊടുവിൽ ഫണ്ട് നൽകേണ്ടെന്ന് ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചു.
എൽഡിഎഫ് അംഗങ്ങൾ എല്ലാവരും ഫണ്ട് നൽകുന്നതിനെ അനുകൂലിച്ചപ്പോൾ യുഡിഎഫിലെ ഒരാൾ ഒഴികെ ബാക്കിയെല്ലാവരും ഫണ്ട് നൽകുന്നതിനെ എതിർത്തു.
ഒരു മാസമായി നവകേരള സദസിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഫണ്ട് നൽകില്ലെന്ന് ഭരണപക്ഷവും പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനം എടുക്കാതെ ഫണ്ട് നൽകില്ലെന്ന് തീരുമാനിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് അവകാശമില്ലെന്ന് ഇടതുപക്ഷ അംഗങ്ങളും നിലപാടെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ നവകേരള സദസ് ഫണ്ട് വിഷയം അജൻഡയിൽ ചേർത്തത്.
വിഷയം വോട്ടിനിട്ടപ്പോൾ 17 അംഗ കമ്മിറ്റിയിൽ എൽഡിഎഫിലെ രണ്ടുപേർ വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുത്തിരുന്നില്ല. ബാക്കിയുള്ള ആറ് അംഗങ്ങൾ ഫണ്ട് നൽകുന്നതിനെ അനുകൂലിച്ചു. യുഡിഎഫിലെ എട്ട് അംഗങ്ങളിൽ ഏഴ് അംഗങ്ങളും എൻഡിഎ അംഗവും ഫണ്ട് നൽകുന്നതിനെ എതിർത്തു.
കോൺഗ്രസ് അംഗമായ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാബി സിദ്ദിഖ് യുഡിഎഫിനൊപ്പം നിന്നില്ല.തനിക്ക് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ഭൂരിപക്ഷ അഭിപ്രായപ്രകാരം ഫണ്ട് നൽകേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു.
ഇതേസമയം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ നിലപാട് കെപിസിസിയുടെ നിർദേശത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി നേതൃത്വത്തെ സമീപിക്കുമെന്ന് മറ്റു യുഡിഎഫ് അംഗങ്ങൾ അറിയിച്ചു.