പുഴ വരണ്ടുതുടങ്ങി; പന്പിംഗ് പ്രതിസന്ധിയിൽ
1374531
Thursday, November 30, 2023 12:59 AM IST
അറക്കുളം: പഞ്ചായത്തിൽ പന്പിംഗ് നിലച്ചതോടെ കുടിവെള്ളക്ഷാമം രൂക്ഷം. 40 വർഷം മുന്പ് നിർമിച്ച അറക്കുളം പന്പ് ഹൗസിന്റെ ജലസംഭരണി പുഴയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലമായാൽ കലങ്ങിയ വെള്ളമാണ് ഇവിടെനിന്നു പന്പ് ചെയ്യുന്നത്. വേനൽക്കാലമായാൽ വെള്ളമൊഴുക്ക് കുറയുകയും കിണറ്റിൽ വെള്ളം കിട്ടാതെയും വരും. അപ്പോൾ ജെസിബി ഇറക്കി വെള്ളം തിരിച്ചുവിട്ടാണ് ടാങ്കിൽ വെള്ളമെത്തിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായി ജലവിഭവ വകുപ്പിന്റെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പുഴയുടെ നടുഭാഗത്തായി കിണർ സ്ഥാപിക്കാനുള്ള നിർമാണം നടന്നു വരികയാണ്.
ഇതിനായി വെള്ളം തിരിച്ചുവിടാൻ മണൽച്ചാക്ക് നിറച്ച് അട്ടിയിട്ടിരിക്കുകയാണ്. ഡാമിലെ വെള്ളക്കുറവു മൂലം പവർ ഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം കുറച്ചതിനാൽ പുഴയിലെ വെള്ളത്തിന്റെ അളവു കുറഞ്ഞ നിലയിലാണ്. ഇതു മൂലം പന്പിംഗ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ അവസ്ഥ തുടർന്നാൽ അറക്കുളം മേഖലയിൽ കുടിവെള്ളത്തിനു കടുത്ത ക്ഷാമം നേരിടും. എത്രയും വേഗം അറക്കുളത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.