മൂന്നാര്‍ മലനിരകളെ നിറച്ചാര്‍ത്തണിയിച്ച് മൊളാസസ് പുല്ല്
1374232
Tuesday, November 28, 2023 11:54 PM IST
മൂന്നാര്‍: അപൂര്‍വതയുടെ ചാരുതയുമായി വര്‍ഷങ്ങളുടെ നീണ്ട ഇടവേളകളില്‍ പൂക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കൾ മൂന്നാർ മലനിരകളെ നീലവര്‍ണം പുതപ്പിക്കുമ്പോള്‍ അതിനോടു കിടപിടിക്കുന്ന വിധത്തില്‍ പുല്ല് ഇനത്തില്‍പ്പെട്ട ഒരു സസ്യ ഇനംകൂടി മൂന്നാര്‍ മലനിരകളെ നിറച്ചാര്ത്തണിയിക്കുകയാണ്.
വിദേശരാജ്യങ്ങളില്‍ കന്നുകാലികള്‍ക്കു മേയാന്‍ നട്ടുപിടിപ്പിക്കുന്ന മെലിനിസ് മിനുടിഫ്ളോറ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പുല്ലുകളാണ് മൂന്നാര്‍ ടൗണിനോടു തൊട്ടുചേര്‍ന്നുള്ള മലനിരകളെ വര്‍ണം പുതപ്പിച്ചിരിക്കുന്നത്. സൂര്യന്റെ വെട്ടം വര്‍ധിക്കുമ്പോള്‍ ഇളം ചാരനിറത്തിലും സൂര്യവെട്ടം കുറയുമ്പോള്‍ ബ്രൗണ്‍ നിറത്തിലും കാണപ്പെടുന്ന പുല്ലുകള്‍ മലനിരകളിൽ വശ്യമനോഹരമായ കാഴ്ച ഒരുക്കുകയാണ്.
മുപ്പത് ഇഞ്ച് മുതല്‍ അറുപത് ഇഞ്ച് വരെ ഉയരത്തില്‍ വളരുന്ന ഇവയ്ക്ക് മറ്റു ചെടികളില്‍ പടരാനുള്ള കഴിവുണ്ട്. ലാറ്റിന്‍ അമേരിക്കയിലും മധ്യകിഴക്കന്‍ മേഖലകളിലുമാണ് ഇവ സാധാരണയായി കണ്ടുവരുന്നത്.
കന്നുകാലികള്‍ക്ക് മേയാനായി ഇവിടങ്ങളില്‍ വച്ചുപിടിപ്പിച്ചിരുന്ന ഇവ ചിലയിടങ്ങളില്‍ പ്രകൃതിദത്തമായും വേരുറപ്പിക്കാറുണ്ട്. വളരുന്നയിടങ്ങളിലെ കാലാവസ്ഥയനുസരിച്ചാണ് ഇത് നിലനില്‍ക്കുന്നതെങ്കിലും പൊതുവേ ഹ്രസ്വ ആയുസാണ്.
കാറ്റത്ത് പാറി വീഴുന്ന വിത്തുകള്‍ പെട്ടെന്ന് തഴയ്ക്കാന്‍ കാരണമാകുന്നു. ഇത്തരം പുല്ല് സാധാരണയായി തെക്കന്‍ അര്‍ധഗോളത്തില്‍ ഏപ്രില്‍, ജൂണ്‍ മാസങ്ങളിലും വടക്കന്‍ അര്‍ധഗോളത്തില്‍ നവംബറിലുമാണ് പൂക്കുന്നത്.
വളരെ പെട്ടെന്ന് ഉണങ്ങുന്നതിനാൽ ഇവ നില്ക്കുന്ന ഇടങ്ങളില്‍ കാട്ടുതീ പടരാനുള്ള സാധ്യത കൂടുതലാണ്. കൂട്ടമായി നില്ക്കുന്ന ഈ പുല്ലുകള്‍ കാറ്റത്ത് ഇളകിയാടുന്ന കാഴ്ച കണ്ണുകള്‍ക്ക് വശ്യമായ അനുഭവം ഒരുക്കുന്നതാണ്.