സിങ്കുകണ്ടത്തെ കുടിയൊഴിപ്പിക്കൽ ഗൂഢാലോചന: ജോയി വെട്ടിക്കുഴി
1374225
Tuesday, November 28, 2023 11:44 PM IST
കട്ടപ്പന: വ്യാജ റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കി ചിന്നക്കനാൽ പഞ്ചായത്തിലെ സിങ്കുകണ്ടം പ്രദേശത്തെ ജനങ്ങളെ നിർബന്ധപൂർവം കുടിയൊഴിപ്പിക്കുകയാണെന്നും സർക്കാർ നടപടി മനുഷ്യത്വരഹിതവും ക്രൂരവുമാണെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി.
ആറ് പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന പാവപ്പെട്ട കുടുംബങ്ങളെ നിർദയം വഴിയിലിറക്കി വിടണമെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിവരുന്ന ഗൂഢ തന്ത്രങ്ങളുടെ ഫലമായാണ് ഇത്തരം ഉത്തരവുകൾ കോടതിയിൽ നിന്ന് ഉണ്ടാകുന്നത്.
പുൽമേടായിരുന്ന പുറന്പോക്കു സ്ഥലം കഠിനാധ്വാനം ചെയ്ത് കൃഷിഭൂമിയാക്കി മൂന്നു തലമുറയായി അനുഭവിച്ചുവരുന്ന സാധുക്കളുടെ കൈവശം വസ്തുവിനെ സംബന്ധിച്ച രേഖകൾ ഒന്നും തന്നെയില്ല. പട്ടയത്തിനുവേണ്ടി പലപ്രാവശ്യം അപേക്ഷ സമർപ്പിച്ചപ്പോൾ കൈയേറ്റക്കാരാണെന്ന് ആരോപിച്ച് അപേക്ഷകൾ നിരസിക്കുകയായിരുന്നു.
1974ലെ പൂർത്തിയാകാത്ത റീസർവേ റിക്കാർഡുകളിൽ ജനങ്ങളെ ഉപദ്രവിക്കുന്നതിനു തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 1964 കാലഘട്ടത്തിൽ കോട്ടയം ജില്ലയും ശാന്തൻപാറ പഞ്ചായത്തും ആയിരുന്നപ്പോൾ പഞ്ചായത്തിൽ കരമടച്ച രസീതിൽനിന്നു കുടിയേറ്റത്തിന്റെ പഴക്കം തിട്ടപ്പെടുത്താവുന്നതാണ്.
എല്ലാ വീട്ടുകാരും പഞ്ചായത്തിൽ കരം അടയ്ക്കുന്നവരും റേഷൻ കാർഡ്, ആധാർ കാർഡ്, വൈദ്യുതി കണക്ഷൻ എന്നിവ ഉള്ളവരുമാണ്. 12 കുടുംബങ്ങളിൽനിന്ന് ആരംഭിച്ച് 240 കുടുംബങ്ങളെ ഇറക്കിവിടുന്നതിനുള്ള ശ്രമമാണ് നടത്തിവരുന്നത്. സിങ്കുകണ്ടത്തെ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മറ്റു കുടുംബങ്ങളെ നിലനിർത്തുന്നതിനും നിയമപരവും രാഷ്ട്രീയപരവുമായ എല്ലാ പിന്തുണയും യുഡിഎഫ് നൽകുമെന്ന് ചെയർമാൻ അറിയിച്ചു.