ലയങ്ങളുടെ നവീകരണം: തൊഴിൽ വകുപ്പിനോട് വിശദീകരണം തേടി
1374224
Tuesday, November 28, 2023 11:44 PM IST
ഉപ്പുതറ: തേയിലത്തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിന് അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിൽ തൊഴിൽ വകുപ്പിനോട് കൂടുതൽ വിശദീകരണം തേടി സംസ്ഥാന ധനമന്ത്രാലയം. 2022 - 23 ൽ ബജറ്റിൽ അനുവദിച്ച 10 കോടി രൂപ വിനിയോഗിക്കുന്നതിലാണ് വിശദീകരണം തേടിയത്.
ലയങ്ങളുടെ ശോച്യാവസ്ഥ മനസിലാക്കി ആറുമാസം മുൻപ് ജില്ലാ നിർമിതി കേന്ദ്രം എസ്റ്റിമേറ്റ് തയാറാക്കി തൊഴിൽ വകുപ്പിന് നൽകിയിരുന്നു. തുടർന്ന് വിശദമായ റിപ്പോർട്ടോടെ എസ്റ്റിമേറ്റ് ധനമന്ത്രാലയത്തിന് തൊഴിൽ വകുപ്പു നൽകുകയും ചെയ്തു. എന്നാൽ, കൂടുതൽ വിശദീകരണം തേടി ഒരാഴ്ച മുൻപ് ധനമന്ത്രാലയം ഫയൽ തൊഴിൽ വകുപ്പിലേക്ക് തിരിച്ചയച്ചു.
ഫലത്തിൽ രണ്ടു വർഷം മുൻപ് അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിന് ഇനിയും കാലതാമസം നേരിടും. 2023 - 24 വാർഷിക ബജറ്റിലും ലയങ്ങളുടെ നവീകരണത്തിന് സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ട് വിനിയോഗിക്കുന്നതിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
പീരുമേട് താലൂക്കിൽ 23 വർഷങ്ങളായി പൂട്ടിക്കിടക്കുന്ന നാല് എസ്റ്റേറ്റുകളിലെ ലയങ്ങളാണ് ഏറ്റവും തകർച്ചയിലുള്ളത്. നിരവധി ലയങ്ങൾ നിലം പൊത്തുകയും ബാക്കിയുള്ളവ ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലുമാണ്. ചോർന്നൊലിക്കുന്ന മേൽക്കുരയ്ക്കു കീഴിൽ ഭയന്നുവിറച്ചാണ് തൊഴിലാളികൾ കഴിയുന്നത്.
ജില്ലയിൽ പ്രവർത്തിക്കുന്ന മറ്റ് എസ്റ്റേറ്റുകളിലെ ലയങ്ങളുടെ സ്ഥിതിയും ആശാസ്യമല്ല. 2018ൽ പെട്ടിമുടി ദുരന്തവും 2021ൽ കോഴിക്കാനത്ത് ലയം തകർന്നു തൊഴിലാളി സ്ത്രീ മരിക്കുകയും ചെയ്തതോടെയാണ് ലയങ്ങൾ നവീകരിക്കണം എന്ന ആവശ്യം ശക്തമായത്.
മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. തുടർന്നാണ് രണ്ടു വാർഷിക ബജറ്റുകളിലായി 20 കോടി രൂപ സർക്കാർ അനുവദിച്ചത്.