ഇടുക്കിയിലെ പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാക്കും: കെ. സുരേന്ദ്രൻ
1374219
Tuesday, November 28, 2023 11:31 PM IST
കട്ടപ്പന: ഇടുക്കിയിലെ അടിസ്ഥാന പ്രശ്നങ്ങളിലടക്കം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സഹായത്തോടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജില്ലയിലെ സാമൂഹ്യ സംഘടന പ്രതിനിധികളുമായി കട്ടപ്പനയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടയമടക്കമുള്ള വിഷയങ്ങളിൽ ബിജെപി ഇടപെടും. വനഭൂമി വിഷയങ്ങളിൽ കേന്ദ്രനിയമം മറച്ചുവച്ച് കർഷകരെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്ന കേരളസർക്കാരിന്റെ നയങ്ങൾക്കെതിരേ ബിജെപി രംഗത്തുവരുമെന്നും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
കട്ടപ്പന ഹൈറേഞ്ച് ഹാളിൽ നടന്ന മുഖാമുഖത്തിൽ കിഫ, അതിജീവന പോരാട്ട വേദി, ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെന്റ്, കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ, ഇല നേച്ചർ ഫൗണ്ടേഷൻ, കട്ടപ്പന ഡവലപ്മെന്റ് ഫോറം, സേവാ ഭാരതി, മർച്ചന്റ് അസോസിയേഷൻ, മർച്ചന്റ് അസോസിയേഷൻ യൂത്ത് വിങ്ങ്, ഗ്ലോബൽ കാർഷിക വികസന സമിതി, കർഷക അതിജീവന സമിതി, മലനാട് രക്ഷ സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.