മലങ്കര ടൂറിസം ഹബ്ബ് അഴിമതി : ശാസ്ത്രീയ പരിശോധന നടത്താൻ വിജിലൻസ്
1374210
Tuesday, November 28, 2023 11:31 PM IST
മുട്ടം: മലങ്കര ടൂറിസം ഹബ്ബ് എൻട്രൻസ് പ്ലാസ നിർമാണത്തിലെ അഴിമതി സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ അന്വേഷണത്തിന് സാങ്കേതിക വിദഗ്ധരുടെ സഹായം ആവശ്യപ്പെടാൻ വിജിലൻസ് തീരുമാനം. പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് വിഭാഗം അഴിമതിയും അപാകതയും കണ്ടെത്തിയതിനെ ത്തുടർന്നാണ് വിശദമായ അന്വേഷണം നടത്താനുള്ള തീരുമാനം.
കെട്ടിടത്തിനുള്ളിലെ ലൈറ്റുകൾ, ഫാനുകൾ, ഇലക്ട്രിക് കണക്ഷനുകൾ എന്നിവ സ്ഥാപിച്ചതിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ടോയ്ലറ്റിന്റെയും മേൽക്കൂരയുടെയും നിർമാണത്തിലും ഏറെ പാളിച്ചകൾ സംഭവിച്ചെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ പുറത്തേക്കുള്ള വാതിലിലൂടെ മഴവെള്ളവും ചപ്പുചവറുകളും ഉള്ളിൽ കയറുന്ന സ്ഥിതിയാണ്.
സണ്‍ഷേഡിലെ പർഗോള ഓപ്പണിംഗിലെ പോളി കാർബണേറ്റ് ഷീറ്റ് ഇളകി മാറിയ അവസ്ഥയിലാണ്. ഇതിലൂടെ മഴവെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങി കെട്ടിടം നശിക്കുന്ന സ്ഥിതിയാണ്.
ഇത്തരം വ്യാപക അപാകതകൾ റിപ്പോർട്ട് ചെയ്തതോടെ അന്വേഷണം തുടരാൻ ഉത്തരവാകുകയായിരുന്നു.
അന്വേഷണത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയിൽ ഇതു സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ നിർമാണ ഏജൻസിയായ ഹാബിറ്റാറ്റിന് ജില്ലാ വിജിലൻസ് വിഭാഗം നിർദേശം നൽകി. 2018 ലാണ് എൻട്രൻസ് പ്ലാസ നിർമാണം നടത്തിയത്.
ഇരുന്നൂറോളം ആളുകൾക്ക് ഇരിക്കാനുള്ള ഓപ്പണ്‍ സ്റ്റേജ് എൻട്രൻസ് പ്ലാസയിൽ സജ്ജമാക്കിയെങ്കിലും പൊതു പരിപാടികൾക്ക് വിട്ട് നൽകാൻ അധികൃതർ തയാറായിട്ടില്ല.