കള്ളനോട്ട് കേസ്: പ്രസ് നടത്തിപ്പുകാരൻ പിടിയിൽ
1373993
Tuesday, November 28, 2023 12:24 AM IST
വണ്ടിപ്പെരിയാർ: അഞ്ചു മാസം മുൻപ് വണ്ടിപ്പെരിയാർ ഡൈമുക്കിൽ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ പ്രസ് നടത്തിപ്പുകാരനെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തമിഴ്നാട് പോലീസിൽനിന്നാണ് ചെന്നൈ വടപളനി സ്വദേശി കാർത്തികേയൻ രാമദാസി(41) നെ കസ്റ്റഡിയിൽ വാങ്ങിയത്.
വണ്ടിപ്പെരിയാർ 63 -ാം മൈൽ പെട്രോൾ പമ്പിൽ കള്ളനോട്ട് ലഭിച്ച കേസിൽ വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശിയെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിൽനിന്നു കള്ളനോട്ട് ലഭിച്ച വിവരം പോലീസിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ 42 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഒരു സംഘം തമിഴ്നാട്ടിൽ പിടിയിലായിരുന്നു.
ഇതേത്തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിൽ പിടിക്കപ്പെട്ട കള്ളനോട്ടിനും വണ്ടിപ്പെരിയാറിൽനിന്നു പിടികൂടിയ കള്ളനോട്ടിനും സാമ്യമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പ്രധാന പ്രതി ഉൾപ്പെടെയുള്ളവരെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ വാങ്ങി.
എന്നാൽ, നോട്ട് അടിക്കാൻ ഉപയോഗിച്ച പ്രസിന്റെ ഉടമയെ പോലീസ് പിടികൂടിയിരുന്നില്ല.
കഴിഞ്ഞദിവസമാണ് ഇയാൾ തമിഴ്നാട് പോലീസിന്റെ പിടിയിലായത്. വണ്ടിപ്പെരിയാർ എസ്എച്ച്ഒ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് കേസ് അന്വേഷിക്കുന്നത്.