കുമളിയിൽ ദിവസവും വൈദ്യുതി മുടക്കം
1373992
Tuesday, November 28, 2023 12:24 AM IST
കുമളി: ടച്ചിംഗ് വെട്ട്, മരം വെട്ട്, അറ്റകുറ്റപ്പണി തുടങ്ങി ഓരോ പേരിലും കുമളിയിൽ ദിവസവും വൈദ്യുതി മുടക്കം. അപ്രഖ്യാപിത പവർകട്ടാണെന്നാണ് നാട്ടു കാരുടെ പരാതി. മിക്കപ്പോഴും ലൈൻ മെയിന്റനൻസ് എന്ന പേരിലാണ് വൈദ്യുതി വിതരണം തടയുന്നത്.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കുമളിയിലെ ജനങ്ങൾക്കും വ്യാപാരികൾക്കും വിനോദ സഞ്ചാരികൾക്കും ഒരേ പോലെയാണ് ഇരുട്ടടി ലഭിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ മിക്കപ്പോഴും വെളിച്ചമില്ല. മെഴുകുതിരിയോ എമർജൻസി ലൈറ്റോ ഉപയോഗിച്ച് കച്ചവടം നടത്തേണ്ട ഗതികേടിലാണ് വ്യാപാരികൾ.
രാവിലെ വൈദ്യുതി മുടങ്ങിയാൽ സന്ധ്യയാകും തിരികെയെത്താൻ. ഫ്രീസറിലും ഫ്രിഡ്ജിലും സൂക്ഷിക്കുന്ന സാധനങ്ങൾ നശിച്ച് വ്യാപാരികൾക്കും ഹോട്ടലുടമകൾക്കും വൻ നഷ്ടമാണുണ്ടാകുന്നത്. ജനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പകൽ നേരങ്ങളിൽ വൈദ്യുതി മുടക്കം പതിവായതോടെ കർഷകരും വെട്ടിലാണ്.
ഒരു വർഷം മുൻപ് അട്ടപ്പള്ളത്ത് സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചെങ്കിലും വോൾട്ടേജിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. പകൽ സമയങ്ങളിൽ കുഴൽക്കിണർ മോട്ടോറുകൾ അടക്കമുള്ളവ വോൾട്ടേജ് കുറവുകൊണ്ട് പ്രവർത്തിക്കാനാവുന്നില്ല. സബ് സ്റ്റേഷൻ എത്തിയിട്ടും വൈദ്യുതിമുടക്കത്തിനു കുറവില്ല.