ഗവർണർ യുഡിഎഫ് -ബിജെപി കോ-ഓർഡിനേറ്റർ: എം.വി. ഗോവിന്ദൻ
1373990
Tuesday, November 28, 2023 12:24 AM IST
തൊടുപുഴ: കേരള ഗവർണർ യുഡിഎഫ് -ബിജെപി അച്ചുതണ്ടിന്റെ കോ-ഓർഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു ബില്ലും അനന്തകാലത്തേക്ക് പിടിച്ചുവയ്ക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
മാന്യതയുണ്ടെങ്കിൽ ഇപ്പോഴേ ഒപ്പിട്ട് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ് കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് തൊടുപുഴയിൽ സിപിഎം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസിന്റെയും ബിജെപിയുടെയും മുഖ്യശത്രു സിപിഎമ്മാണെന്ന് അവർ വ്യക്തമാക്കിയതിനാൽ കോലീബി സഖ്യം വീണ്ടും നിലവിൽ വന്നിരിക്കുന്നു എന്നു വേണം മനസിലാക്കാൻ.
മുസ്ലിംലീഗ് യുഡിഎഫ് വിട്ട് എൽഡിഎഫിൽ വരട്ടേയെന്ന് തങ്ങൾ ആലോചിച്ചിട്ടില്ല. സിപിഎമ്മും മുസ്ലിംലീഗുമായി ചേർന്ന് ഒരു ഐക്യപ്രസ്ഥാനം രൂപപ്പെടുത്തലല്ല പലസ്തീൻ ജനതയോട് എക്യദാർഢ്യം പ്രകടിപ്പിക്കുകയെന്നതായിരുന്നു തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം നിർമിച്ച സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസിന്റെ പുതിയ മന്ദിര ഉദ്ഘാടനവും എം.വി.ഗോവിന്ദൻ നിർവഹിച്ചു. തൊടുപുഴ ഈസ്റ്റ്, വെസ്റ്റ്, കരിമണ്ണൂർ, മൂലമറ്റം ഏരിയ കമ്മിറ്റികൾ സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. സമ്മേളനത്തിനു മുന്നോടിയായി ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും നടന്നു. 4600 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്.
ലൈബ്രറി സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസും ഹാൾ എം.എം.മണി എംഎൽഎയും മിനി ഹാൾ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രനും ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ അധ്യക്ഷത വഹിച്ചു.