ലെൻസ്ഫെഡ് ജില്ലാ സമ്മേളനം ഇന്ന്
1373989
Tuesday, November 28, 2023 12:24 AM IST
തൊടുപുഴ: എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ(ലെൻസ്ഫെഡ്) ജില്ലാ സമ്മേളനം ഇന്ന് വെങ്ങല്ലൂർ ഷെറോണ് കൾച്ചറൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിർമാണ മേഖലയിലെ പ്രതിസന്ധികൾ, പെർമിറ്റ് ഫീസ് വർധന, കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം, ഭൂവിനിയോഗ നിയമങ്ങളും പട്ടയ പ്രശ്നങ്ങളും മൂലമുണ്ടാവുന്ന നിർമാണ പ്രതിസന്ധി എന്നിവ സമ്മേളനം ചർച്ച ചെയ്യും. ജില്ലയിലെ 300 എൻജിനിയർമാർ സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ പത്തിന് പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് ബിജോ മുരളി അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യാതിഥിയായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം. മനോജ് മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന ട്രഷറർ പി.ബി. ഷാജി, ജില്ലാ സെക്രട്ടറി സിബിൻ ബാബു, ട്രഷറർ കെ.ജി. സുരേഷ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. അലക്സാണ്ടർ, സംസ്ഥാന കമ്മിറ്റിയംഗം എസ്.മനീഷ,് ജില്ലാ ജോയിന്റ് സെക്രട്ടറി രസിൽ പി. രാജൻ, ജില്ലാ കമ്മിറ്റിയംഗം എം.ലതീഷ് , ജില്ലാ വൈസ് പ്രസിഡന്റ് ടിരോഷ് ജോർജ്, എ. പ്രദീപ് കുമാർ എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിർമാണസാമഗ്രികളും വിവിധ നിർമാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 15 സ്റ്റാളുകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് ബിജോ മുരളി, ജില്ലാ ട്രഷറർ കെ.ജി. സുരേഷ് കുമാർ, തൊടുപുഴ ഏരിയാ പ്രസിഡന്റ് പി.എസ്.രാജേഷ് കുമാർ, ഏരിയ സെക്രട്ടറി അനീഷ് എൻ.ജോസഫ്, ഏരിയ ട്രഷറർ ഡേവിസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.