ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം
1373988
Tuesday, November 28, 2023 12:24 AM IST
ചെറുതോണി: ഹോട്ടലുകൾക്കും ജീവനക്കാർക്കുമെതിരേ വർധിച്ചുവരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്് ജി.ജയപാൽ ആവശ്യപ്പെട്ടു. തടിയമ്പാട് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനിയന്ത്രിതമായി വർധിച്ചു കൊണ്ടിരിക്കുന്ന അസംസ്കൃതസാധനങ്ങളുടെ വിലസർക്കാർ നിയന്ത്രിക്കണം. ഉദ്യോഗസ്ഥരുടെ അനധികൃത പരിശോധന നിർത്തണം. പഞ്ചായത്ത് ലൈസൻസ് കാലാവധി ഇപ്പോൾ ഒരു വർഷമാണ്. അത് അഞ്ചു വർഷമായി വർധിപ്പിക്കണം.
അന്യായമായി ഈടാക്കുന്ന വൈദ്യുതിചാർജ് കുറയ്ക്കണം. മറ്റുള്ളവർക്ക് നൽകുന്നതുപോലെ ക്ഷേമനിധിയടക്കമുള്ള ആനുകൂല്യങ്ങൾ നൽകണം തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. ട്രഷറർ എൻ. അബ്ദുൾ റസാക്ക് ഉൾപ്പെടെ 300 ഓളം പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തു.
മയക്കുമരുന്ന് ബോധവത്കരണ സെമിനാർ ഡിവൈഎസ്പി ജിൽസൺ മാത്യു ഉദ്ഘാടനം ചെയതു. എം.എസ്. അജി, സജീന്ദ്രൻ പൂവാങ്കൽ, കെ.എം. ജോർളി തുടങ്ങിയവർ നേതൃത്വം നൽകി. സമ്മേളനനഗരിയിൽ വീട്ടമ്മമാർ തയാറാക്കിയ ഇരുപത്തഞ്ചോളം ഭക്ഷ്യ വസ്തുക്കളുടെ സ്റ്റാളും പ്രദർശനവും നടന്നു.