ഇരട്ടയാർ ശാന്തിഗ്രാം മേഖലയിൽ നാടോടികളുടെ ശല്യം രൂക്ഷം
1373983
Tuesday, November 28, 2023 12:11 AM IST
കട്ടപ്പന: ഇരട്ടയാർ, ശാന്തിഗ്രാം മേഖലകളിൽ ആക്രി പെറുക്കൽ സംഘങ്ങൾ സജീവമായതോടെ നാട്ടുകാരുടെ സ്വൈരജീവിതം ബുദ്ധിമുട്ടിലായി. വീട്ടുമുറ്റത്തും പരിസരത്തും യാതൊരുവിധ സാധനസാമഗ്രികളും വയ്ക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
15 ഉം 20 ഉം പേരടങ്ങുന്ന സംഘമായാണ് ആക്രി പെറുക്കാൻ വീടുകൾ തോറും കയറിയിറങ്ങുന്നത്. വീടിനു ചുറ്റും കറങ്ങിത്തിരിയുന്ന ഇവർ വീട്ടുകാരുടെ കണ്ണു തെറ്റുമ്പോൾ ആവശ്യമുള്ളതും അല്ലാത്തതുമായ സാധനങ്ങൾ ചാക്കിലാക്കും.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശാന്തിഗ്രാമിൽ ആളില്ലാതിരുന്ന വീടിന്റെ മുറ്റത്തുനിന്ന് അഴിച്ചുവച്ചിരുന്ന മോട്ടോർ ആക്രിസംഘം അപഹരിച്ചു. താമരവേലിൽ വിൽസന്റെ വീട്ടുമുറ്റത്തു നിന്നാണ് മോട്ടോർ നഷ്ടപ്പെട്ടത്.
കുറച്ചു നാളുകൾക്കു മുൻപ് ഈ ഭാഗത്ത് മറ്റൊരു വീട്ടുമുറ്റത്തുനിന്നു ചവിട്ടിയും ഉണങ്ങാനിട്ടിരുന്ന ജാതിക്കയും ആക്രിസംഘം തട്ടിക്കൊണ്ടുപോയി. ആക്രി സംഘങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഉൾപ്പെടെയുള്ള അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.