കണ്ണംപടി മുല്ല ഊരിലെ കുടിവെള്ള പദ്ധതി ഫലം കാണുന്നില്ല
1373976
Tuesday, November 28, 2023 12:11 AM IST
ഉപ്പുതറ: കണ്ണംപടി വനമേഖലയിലെ മുല്ല ആദിവാസി ഊരിലെ കുടിവെള്ള പദ്ധതി ഇനിയും പ്രാവർത്തികമായില്ല. കണ്ണംപടി വനമേഖലയിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് മുല്ല ഊര്. വേനൽക്കാലത്ത് ഓട്ടോറിക്ഷയിലാണ് ഇവർ ശുദ്ധജലം എത്തിക്കുന്നത്. ഇതിനു മാർഗമില്ലാത്തവർ ഒന്നര കിലോമീറ്ററോളം ദൂരത്തുനിന്നാണ് വെള്ളം കൊണ്ടുവരുന്നത്.
കുടിവെളള ക്ഷാമം നേരിടുന്ന അക്കരെമുല്ല, ഇക്കരെമുല്ല, വാക്കത്തിമുല്ല എന്നിവിടങ്ങളിലെ 170 ഓളം കുടുംബങ്ങൾക്ക് ശുദ്ധജലം നൽകാൻ 2018 - 19 ൽ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയുടെ പദ്ധതി തുടങ്ങിയിരുന്നു. 22 മീറ്റർ ചുറ്റളവിൽ 36 അടി താഴ്ചയിൽ കോൺക്രീറ്റ് ചുരുൾ ഇറക്കി കുളം നിർമിച്ച് മോട്ടോറും സ്ഥാപിച്ചു.
അഞ്ച് ടാങ്കുകളും സ്ഥലത്ത് എത്തിച്ചു. എന്നാൽ, പൈപ്പ് സ്ഥാപിക്കാനോ വൈദ്യുതി ലഭ്യമാക്കാനോ നടപടി ഉണ്ടായില്ല. ലക്ഷങ്ങൾ മുടക്കിയ മോട്ടോർ വെറുതേ കിടന്നു നശിക്കുകയാണ്. അഞ്ചടിയോളം ഉയരത്തിൽ കോൺക്രീറ്റ് ചുരുൾ നിർമിച്ചിരിക്കുന്നതിനാൽ വെള്ളം കോരിയെടുക്കാനും കഴിയില്ല. ദിവസവും അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള വെള്ളം കുളത്തിൽ ഉണ്ടെങ്കിലും കുടി വെള്ളത്തിന് ദൂരെ സ്ഥലങ്ങളിൽ പോകേണ്ട ഗതികേടിലാണിവർ.
കുളം നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഉള്ളാട മഹാസഭ കണ്ണംപടി ബ്രാഞ്ച് കമ്മിറ്റി സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും പദ്ധതി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിനും പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ആരംഭി ക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
വൈദ്യുതി എത്തിക്കാനും പുതിയ മോട്ടോർ വാങ്ങാനും ഒരു മാസം മുൻപ് ഏഴു ലക്ഷം രൂപ അനുവദിച്ച് തുടർ നടപടി സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആശ ആന്റണി അറിയിച്ചു.