റോഡരികിൽ തളർന്നുകിടന്നയാളെ ഉപ്പുതറ പോലീസ് ആശുപത്രിയിലെത്തിച്ചു
1373971
Monday, November 27, 2023 11:55 PM IST
ഉപ്പുതറ: റോഡരികിൽ തളർന്നു കിടന്നയാളെ ഉപ്പുതറ പോലീസ് ആശുപത്രിയിൽ എത്തിച്ചു. കണ്ണംപടി കൊല്ലത്തിക്കാവ് നെല്ലിക്കൽ ഗോപിയെ (62) ആണ് ഉപ്പുതറ സ്റ്റേഷനിലെ എഎസ്ഐ മാരായ പ്രിൻസ് ഐസക്കും ആർ ഹെൻട്രിയും ചേർന്ന് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചത്.
തിങ്കളാഴ്ച രാവിലെ 11 ഒാടെ ഉപ്പുതറ-വളകോട് റോഡിൽ ക്വാർട്ടേഴ്സ് പടിയിലാണ് സംഭവം. ആശുപത്രിപ്പടിയിലുള്ള ആശ്രമത്തിലെ കന്നുകാലി ഫാമിലെ ജീവനക്കാരനാണ് ഗോപി . തിങ്കളാഴ്ച രാവിലെ പുല്ലു ചെത്താനെത്തിയ ഗോപി റോഡരികിൽ തളർന്നുവീഴുകയായിരുന്നു. കാടിനുള്ളിൽ വീണു കിടന്ന ഇയാളെ രക്ഷപ്പെടുത്താൻ ഓടിക്കൂടിയ ചിലർ ശ്രമിച്ചു.
ഈ സമയം ഇതുവഴിയെത്തി യ പോലീസ് ഉദ്യോഗസ്ഥർ ആൾക്കൂട്ടം കണ്ട് വാഹനം നിർത്തി. വിവരം അറിഞ്ഞയുടൻ നാട്ടുകാരുടെ സഹായത്തോടെ ഗോപിയെ ഉപ്പുതറ കമ്യൂണിറ്റി സെന്ററിൽ എത്തിച്ചു. പ്രദേശവാസികളായ ശിവൻ , റെജു എന്നിവരും പോലീസിനെ സഹായിച്ചു.
ആരോഗ്യ നില കൂടുതൽ വഷളാകുന്നതിനു മുൻപ് ആശുപത്രിയിൽ എത്തിച്ചതിനാൽ ഗോപിയുടെ ജീവൻ രക്ഷിക്കാനായി . ഗോപി ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.