നാട്ടുകാരിൽനിന്നു ടോൾ വാങ്ങുന്നു പ്രതിഷേധം വ്യാപകം
1373965
Monday, November 27, 2023 11:55 PM IST
മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ലോക്കാട് ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സിപിഐ പ്രദേശിക നേതൃത്വം ഇന്നലെ ടോൾ പ്ലാസ ഉപരോധിച്ചു.
പണം പിരിക്കുന്നതിന് സ്ഥാപിച്ച ഉപകരണങ്ങൾ പ്രകടനവുമായി എത്തിയ പ്രവർത്തകർ പോലീസ് നോക്കിനിൽക്കേ തകരാറിലാക്കി. മൂന്നാർ മേഖലയിൽ താമസിക്കുന്ന തോട്ടം തൊഴിലാളികൾക്ക് ടോൾ പ്ലാസയിൽ പണം നൽകി യാത്ര നടത്തേണ്ട അവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞായിരുന്നു സിപിഐ ദേവികുളം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ടോൾ പ്ലാസയിലേക്ക് സമരം നടത്തിയത്.
ടോൾ പ്ലാസയ്ക്കു സമീപത്തെ കവാടത്തിൽ പോലീസ് പ്രകടനക്കാരെ തടയാൻ ശ്രമിച്ചെങ്കിലും പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ പണം പിരിക്കാൻ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ സമീപത്തെത്തി. തുടർന്ന് അവിടെ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റുകൾ നശിപ്പിക്കാൻ ശ്രമിച്ചു.
കേന്ദ്ര ഫണ്ടിൽ നിന്നും 358 കോടി രൂപ ഉപയോഗിച്ചാണ് റോഡിന്റെ പണികൾ പൂർത്തിയാക്കിയതെന്നും അതിനാൽ ടോൾ പിരിക്കാൻ ശ്രമിച്ചാൽ ടോൾ പ്ലാസ അടിച്ചുടയ്ക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന കൗൺസിലംഗം എം. വൈ. ഒൗസേപ്പ് മുന്നറിയിപ്പു നൽകി. പാർട്ടി അസി. സെക്രട്ടറി പി. പളനിവേൽ, ജി. എൻ. ഗുരുനാഥൻ, അഡ്വ. ചന്ദ്രപാൽ, സന്തോഷ്, ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.