ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം ചേർന്നു
1373668
Monday, November 27, 2023 12:47 AM IST
ചെറുതോണി: നവകേരള സദസിനു മുന്നോടിയായി ഇടുക്കി താലൂക്ക് ലാൻഡ് അസൈന്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എബി തോമസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടുക്കിയിലെത്തുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് പട്ടയം നല്‍കുന്നതിനും ഭവന നിര്‍മാണ പദ്ധതികളില്‍ കൈവശ രേഖയ്ക്ക് അപേക്ഷ സമര്‍പ്പിച്ച അര്‍ഹതപ്പെട്ടവര്‍ക്ക് അനുമതി നല്കുന്നതിനുമാണ് കമ്മിറ്റി കൂടിയത്.
ഭൂമിയില്ലാത്ത 20 പേര്‍ക്ക് ഭൂമിയും പട്ടയവും നല്‍കുന്നതിന് 20 പേരുടെ ലിസ്റ്റ് താലൂക്കില്‍ നല്‍കിയിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് വേറെ സ്ഥലമില്ലെന്ന സത്യവാങ് മൂലം നല്കണമെന്നാവശ്യപ്പെട്ടതിനെത്തുടര്ന്ന് 10 പേര് പിന്മാറി. ഓരോരുത്തർക്കും മൂന്നു സെന്റ് സ്ഥലവും ഇതിനു പട്ടയവും ഡിസംബർ 11 ന് നവകേരള സദസിൽ മുഖ്യമന്ത്രി കൈമാറും. കഞ്ഞിക്കുഴി പഞ്ചായത്തില്‍ പോലീസ് സ്റ്റേഷനു സമീപമുള്ള റവന്യു ഭൂമിയാണ് വിതരണം ചെയ്യുന്നത്.
ഇവിടെ മുമ്പ് 50 പേര്‍ക്ക് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. ഇനി 10 പേര്‍ക്കുള്ള ഭൂമി മിച്ചമുണ്ട്. അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയാല്‍ അവര്‍ക്കുകൂടി സ്ഥലം നല്‍കും. ലഭിച്ച അപേക്ഷകളില്‍ അര്‍ഹതപ്പെട്ടവര്‍ക്കു മുഴുവന്‍ കൈവശരേഖ നല്‍കുന്നതിനും കമ്മിറ്റി ശിപാര്‍ശ ചെയ്തു.
ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളില്‍ നേരത്തെ നല്കിയ പട്ടയങ്ങൾ മാനദണ്ഡങ്ങള്‍ പാലിച്ചല്ല നൽകിയിട്ടുള്ളതെന്നു പരിശോധനയിൽ കണ്ടെത്തിയതായും അതിനാല്‍ ഈ പട്ടയങ്ങള്‍ റദ്ദ് ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ണമായും പൂര്‍ത്തിയാക്കാനുള്ള നടപടികളാരംഭിച്ചതായും തഹസില്‍ദാര്‍ അറിയിച്ചു.
ജനുവരിയില്‍ നടക്കുന്ന പട്ടയമേളയില്‍ പരമാവധി പട്ടയം കൊടുക്കുന്നതിന് നടപടികളാരംഭിച്ചതായും തഹസില്‍ദാര്‍ വ്യക്തമാക്കി. എന്നാല്‍, ജീവനക്കാരുടെ കുറവും വാഹനം ലഭിക്കാത്തതും നടപടികള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കമ്മിറ്റിയില്‍ അറിയിച്ചു. തഹസിൽദാര്‍ ഡിക്സി ഫ്രാന്‍സിസ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.