അഞ്ചു വർഷമായി റോഡില്ലാതെ നാൽപതോളം കുടുംബങ്ങൾ
1373666
Monday, November 27, 2023 12:47 AM IST
കട്ടപ്പന: കട്ടപ്പന നഗരസഭയിലെ കല്ലുകുന്ന് വാർഡിലെ അസീസി പടി-പീടികപ്പുരയിടം റോഡ് 2018ലെ മഹാപ്രളയത്തിൽ ഇടിഞ്ഞു തകർന്നതോടെ നാൽപതോളം കുടുംബങ്ങൾ റോഡിനായി കാത്തിരിക്കുകയാണ്. കനത്ത മഴയിൽ വെള്ളമൊഴുകി ഇരുപത് അടിയോളം താഴ്ചയിലേക്ക് റോഡ് ഇടിയുകയായിരുന്നു. മണ്ണിടിഞ്ഞ ഭാഗത്തുള്ള രണ്ടു വീടുകൾ അപകടാവസ്ഥയിലുമായി.
ആകെയുണ്ടായിരുന്ന റോഡ് തകർന്നതോടെ നടപ്പാതകൾ മാത്രമാണ് ഇപ്പോൾ ഇവരുടെ ആശ്രയം. പലർക്കും സ്വന്തമായി വാഹനങ്ങൾ ഉണ്ടെങ്കിലും
വീട്ടുമുറ്റത്ത് എത്തിച്ചിട്ട് നാളുകളായി. റോഡ് തകർന്നതിനു പിന്നാലെ എംഎൽഎഫണ്ടിൽനിന്നു 25 ലക്ഷം രൂപ പുനരുദ്ധാരണത്തിനായി റോഷി അഗസ്റ്റിൻ അനുവദിച്ചിരുന്നു. തുക അപര്യാപ്തമായതിനാൽ പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു 20 ലക്ഷം കൂടി അനുവദിച്ചു. പക്ഷേ, അഞ്ചു വർഷം പിന്നിടുമ്പോഴും റോഡെന്ന ആവശ്യം കടലാസിൽ കുരുങ്ങിക്കിടക്കുകയാണ്.
ജില്ലാ ടെക്നിക്കൽ സമിതി സ്ഥലം സന്ദർശിച്ച് മണ്ണിന്റെ ഘടനയും ഉറപ്പും പരിശോധിച്ച് ഡിസൈൻ തയാറാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ കട്ടപ്പന നഗരസഭ ഉത്തരവാദിത്വം കാട്ടിയില്ലെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.
റോഡ് പുനർനിർമിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകളെ വാർഡ് കൗൺസിലർ അടക്കം പലതവണ സമീപിച്ചെങ്കിലും തുടർനടപടിക്ക് വേഗതയുണ്ടായിട്ടില്ല.