നവകേരള സദസ്: പരാതി സ്വീകരിക്കാൻ 20 കൗണ്ടറുകൾ
1373665
Monday, November 27, 2023 12:47 AM IST
ഇടുക്കി: നവകേരള സദസിൽ ജനങ്ങളുടെ പരാതികൾ സ്വീകരിക്കാൻ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകൾ ഒരുക്കുമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ഡിസംബർ 10, 11, 12 തീയതികളിലായി നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾ പൂർത്തിയായി വരികയാണ്. 20 മന്ത്രിമാർക്കും ലെയ്സണ്‍ ഓഫീസർമാരെ നിശ്ചയിച്ചതായും കളക്ടർ പറഞ്ഞു.
ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പൈനാവ് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമാണത്തിന് ജില്ലാ പഞ്ചായത്ത് 50 സെന്റ് കൈമാറിയതായി പൊതുമരാമത്ത് വിഭാഗം അറിയിച്ചു. ജില്ലയിലെ ശബരിമല ഇടത്താവളങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബ് പ്രവർത്തനം ആരംഭിച്ചതായി അസി. ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
കാട്ടാനശല്യം തടയുന്നതിന് ജനവാസമേഖലകളോടു ചേർന്ന് സൗരോർജ വേലികളും ട്രഞ്ചുകളും നിർമിച്ചതായി കോട്ടയം ഡിഎഫ്ഒ അറിയിച്ചു. അയ്യപ്പൻകോവിൽ കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവർത്തിക്കുന്നുണ്ടെന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
വെള്ളത്തൂവൽ പഞ്ചായത്തിൽ 2018ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 34 കുടുംബങ്ങളെ പുനരധിവസിപ്പിച്ച മേഖലയിൽ ജൽജീവൻ മിഷനിൽ ഉൾപ്പെടുത്തി കുടിവെള്ളം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പൈപ്പിന്റെ ലഭ്യതക്കുറവ് മൂലം ഉടുന്പന്നൂർ പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതി മുടങ്ങിയ സംഭവത്തിൽ ഡിസംബർ ആദ്യവാരം തന്നെ കണക്ഷൻ നൽകാനാവുന്ന വിധം നിർമാണം പുനരാരംഭിച്ചതായി തൊടുപുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പീരുമേട് താലൂക്ക് ആശുപത്രി പ്രസവ വാർഡിൽ ഡോക്ടറില്ലാത്തതു മൂലമുള്ള ബുദ്ധിമുട്ട് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മാലതി ഉന്നയിച്ചതിനെത്തുടർന്ന് രണ്ടു ഡോക്ടർമാരെ വർക്ക് അറേഞ്ച്മെന്റ് പ്രകാരം ഈയാഴ്ച തന്നെ നിയമിക്കുമെന്ന് ഡിഎംഒ എൽ. മനോജ് അറിയിച്ചു.
ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, എഡിഎം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ജി.ടി. ഷിബു എന്നിവർ പ്രസംഗിച്ചു.