ഉണങ്ങിയ ഈട്ടിമരം അപകടഭീഷണി ഉയർത്തുന്നു
1373663
Monday, November 27, 2023 12:47 AM IST
കട്ടപ്പന: കട്ടപ്പന-കുന്തളംപാറ റോഡിന്റെ വശത്തു നിൽക്കുന്ന ഉണങ്ങിയ ഈട്ടിമരം അപകടഭീഷണി ഉയർത്തുന്നു. നിരവധി കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന റോഡിലാണ് മരം അപകടഭീഷണി സൃഷ്ടിക്കുന്നത്. മരം ഉണങ്ങി ദ്രവിച്ചതിനേത്തുടർന്ന് ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയാണ്.
നാലു മാസം മുൻപ് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകുകയും വാർഡ് കൗൺസിലറെ വിവരം ധരിപ്പിക്കുകയും ചെയ്തെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരന്റെ ദേഹത്ത് മരശിഖരം ഒടിഞ്ഞു വീണിരുന്നു. വനം വകുപ്പും ഇക്കാര്യത്തിൽ നിസംഗത തുടരുകയാണ്.
ദിവസങ്ങൾ കഴിയുന്തോറും മൺതിട്ടയിൽ നിൽക്കുന്ന മരം റോഡിലേക്ക് ചരിയുകയാണ്. ഉണങ്ങിയ മരത്തിന്റെ അടിയിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നതും അപകടഭീഷണി വർധിപ്പിക്കുകയാണ്. നഗരസഭാ ഓഫീസിനു സമീപം വൈദ്യുതി ലൈനിനു ഭീഷണി സൃഷ്ടിക്കുന്ന വൻ മരം വെട്ടിനീക്കാനും നടപടി ഉണ്ടായിട്ടില്ല.