മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക്: ഇടതുമുന്നണിക്ക് ഉജ്വല വിജയം
1373661
Monday, November 27, 2023 12:47 AM IST
നെടുങ്കണ്ടം: മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്കിയ സഹകരണ സംരക്ഷണ മുന്നണി വിജയിച്ചു. 13 സീറ്റുകളിലും മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടി. ജോസ് പാലത്തിനാല്‍, സി.എം. കുര്യാക്കോസ്, സി.യു. ജോയി, എം.ഡി. ജോസഫ്, ബിനോയി ആഗസ്തി, ടി.എസ്. ബിസി, എ.പി. വര്‍ഗീസ്, എന്‍.പി. സുനില്‍കുമാര്‍, എം.എന്‍. ഹരിക്കുട്ടന്, ജെസി കുര്യന്, ഷോളി ജോസ്, സിന്ധുമോള്‍ കുര്യന്, എം.ടി. ജയന് എന്നിവരാണ് വിജയിച്ചത്.
നെടുങ്കണ്ടം ഗവ. ഹൈസ്കൂളില്‍ ഇന്നലെ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് പോളിംഗ് നടന്നത്. പോളിംഗിന്റെ ആദ്യഘട്ടം മുതല്‍ അവസാനം വരെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. 30,420 വോട്ടര്‍മാരാണ് ബാങ്കിലുള്ളത്. ഇതില്‍ 8,118 പേര് വോട്ട് രേഖപ്പെടുത്തി. 13 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിരുന്നത്.
വൈകുന്നേരം അഞ്ചോടെ ആരംഭിച്ച വോട്ടെണ്ണല്‍ രാത്രി എട്ടോടെയാണ് അവസാനിച്ചത്. 13 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് നെടുങ്കണ്ടത്ത് സംഘര്‍ഷവും കത്തിക്കുത്തും ഉണ്ടായ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പോളിംഗ് സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിരുന്നത്. പോളിംഗ് സ്റ്റേഷനില്‍ സിസിടിവിയും ക്രമീകരിച്ചിരുന്നു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ടു സിഐമാരും നൂറോളം പോലീസുകാരും സുരക്ഷയ്ക്കായി എത്തിയിരുന്നു.
25 വര്‍ഷത്തിനു ശേഷമാണ് മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് മുന്നണിയില്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫിലേക്ക് മാറിയതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഇത്തവണ എട്ടു സീറ്റില്‍ കേരള കോണ്‍ഗ്രസ്-എമ്മും നാലു സീറ്റില്‍ സിപിഎമ്മും ഒരു സീറ്റില്‍ സിപിഐയും എല്‍ഡിഎഫ് പാനലില്‍ മത്സരിച്ചപ്പോള്‍ യുഡിഎഫില്‍ 10 സീറ്റില്‍ കോണ്‍ഗ്രസും രണ്ടു സീറ്റില്‍ കേരള കോണ്‍ഗ്രസും ഒരു സീറ്റില്‍ മുസ്ലീം ലീഗും മത്സരിച്ചു. ഇരുമുന്നണികളും വാശിയേറിയ പ്രവര്‍ത്തനമാണ് നടത്തിയത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ എല്ലാംതന്നെ രാവിലെ മുതല്‍ പോളിംഗ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലസ്, എഐസിസി അംഗം ഇ.എം. ആഗസ്തി, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, ജോയിസ് ജോര്‍ജ് എക്സ് എംപി തുടങ്ങിയവര്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി എത്തിയിരുന്നു.
തെരഞ്ഞെടുപ്പിനിടെ
എല്‍ഡിഎഫ് പ്രവര്‍ത്തകരും
പോലീസുമായി സംഘര്‍ഷം
നെടുങ്കണ്ടം: മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും പോലീസുമായി സംഘര്‍ഷം. പോലീസ് ലാത്തിവീശി. മൂന്നു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോളിംഗ് അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുമ്പാണ് സംഘര്‍ഷം ഉണ്ടായത്.
പോളിംഗിനിടെ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ എൽഡിഎഫ് ഏജന്റ് തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു മുന്നണികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതു തടയാനെത്തിയ പോലീസിനെതിരേ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരിഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്.
തുടര്‍ന്ന് പോലീസ് ലാത്തി വീശിയാണ് സംഘര്‍ഷമുണ്ടാക്കിയവരെ പോളിംഗ് സ്റ്റേഷനു പുറത്താക്കിയത്. പരിക്കേറ്റവര്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.