മങ്ങാട്ടുകവല-കുന്നം ബൈപാസ്: നിവേദനം നൽകി
1373660
Monday, November 27, 2023 12:47 AM IST
തൊടുപുഴ: മുതലക്കോടം മേഖലയിലെ ഗതാഗത തടസത്തിനു പരിഹാരമായി കുന്നം-മുതലക്കോടം ബൈപാസ് നിർമിക്കണമെന്ന ആവശ്യം ശക്തമായി. മങ്ങാട്ടുകവല-മുതലക്കോടം-കുന്നം റൂട്ടിൽ രൂക്ഷമായ ഗതാഗത തടസമാണ് രാവിലെ 7.30 മുതൽ 10.30 വരെയും ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി എട്ടു വരെയും അനുഭവപ്പെടുന്നത്. ഇത്രയും ദൂരം വാഹനങ്ങൾക്ക് കടന്നുപോകാൻ അരമണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്.
നഗരസഭ അംഗീകാരം നൽകിയ മാസ്റ്റർ പ്ലാനിൽ ഈ ബൈപാസും ഉൾപ്പെട്ടിരുന്നു. കുന്നത്തുനിന്ന് ആരംഭിച്ച് പട്ടയംകവല കനാൽ റോഡിൽ പ്രവേശിച്ച് മുതലക്കോടം സെന്റ് ജോർജ് സ്റ്റേഡിയത്തിനു സമീപത്തുകൂടെ ഇല്ലിച്ചുവട് മഠത്തിക്കണ്ടം വഴി ഏഴല്ലൂർ റോഡിൽ എത്തി മങ്ങാട്ടുകവല നാലുവരി പാതയിൽ അവസാനിക്കുന്ന ബൈപാസാണ് മാസ്റ്റർ പ്ലാനിലെ നിർദേശം.
ബൈപാസ് വേണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യത്തെത്തുടർന്ന് നഗരസഭ പ്രമേയം പാസാക്കി സർക്കാരിന് കൈമാറിയെങ്കിലും ഇക്കാര്യത്തിൽ അനുകൂല നടപടികൾ ഉണ്ടായിട്ടില്ല.
ബൈപാസ് അടിയന്തരമായി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് മുതലക്കോടം സ്റ്റേഡിയം റഡിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മന്ത്രി മുഹമ്മദ് റിയാസ്, ഡീൻ കുര്യക്കോസ് എംപി, പി.ജെ. ജോസഫ് എംഎൽഎ എന്നിവർക്ക് നിവേദനം നൽകി.