വ്യാജമദ്യ നിർമാണത്തിനായി സൂക്ഷിച്ച സ്പിരിറ്റ് പിടികൂടി
1373658
Monday, November 27, 2023 12:47 AM IST
തൊടുപുഴ: ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയായ മുട്ടം വള്ളിപ്പാറ മഠത്തിപ്പാറ ഭാഗത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 100 ലിറ്ററോളം സ്പിരിറ്റ് പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മഠത്തിപ്പാറ ഭാഗത്തുകൂടെ കടന്നു പോകുന്ന 110 കെവി ടവർ ലൈനിനു സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിപ്പിച്ച നിലയിലാണ് മൂന്നു കന്നാസുകളിൽ സൂക്ഷിച്ച സ്പിരിറ്റ് കണ്ടെടുത്തത്.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി മദ്യ മാഫിയ വ്യാജമദ്യ നിർമാണത്തിനായി സ്പിരിറ്റ് മുട്ടം ഭാഗങ്ങളിൽ എത്തിച്ചിട്ടുണ്ടെന്ന് ഷാഡോ എക്സൈസ് അംഗങ്ങളായ രഞ്ജിത്ത്, അഷറഫ് അലി എന്നിവർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി ഈ മേഖലയിൽ പരിശോധന തുടർന്നുവരികയായിരുന്നു. എന്നാൽ, സ്പിരിറ്റ് ഇവിടെ സൂക്ഷിച്ചയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. സംഭവത്തിൽ എക്സൈസ് വിശദമായി അന്വേഷണം ആരംഭിച്ചു.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ വി.എസ്. നിസാർ, കുഞ്ഞുമുഹമ്മദ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എൻ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ആർ. രാജേഷ്, സി.എം. പ്രതീഷ്, അഷറഫ് അലി, റ്റിറ്റോമോൻ ചെറിയാൻ, എം.ടി. ബിന്ദു, ഡ്രൈവർ സിനിൽ കുമാർ എന്നിവർ പങ്കെടുത്തു.