തൊമ്മന്‍കുത്തിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1373657
Monday, November 27, 2023 12:47 AM IST
തൊമ്മൻകുത്ത്: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. തൊമ്മൻകുത്ത് നാല്പതേക്കർ ഭാഗത്താണ് ഞായറാഴ്ച പുലർച്ചെ കാട്ടാനകളുടെ ആക്രമണമുണ്ടായത്. നാല്പതേക്കർ കുന്നുമ്മേൽ ജേക്കബിന്റെ പുരയിടത്തിലെ കുലയ്ക്കാറായ ഇരുനൂറോളം വാഴകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. മൂന്ന് ആനകളാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഈ ഭാഗത്ത് കാട്ടാനകൾ ഇറങ്ങുന്നത് ആദ്യമായിട്ടാണെന്നും നാട്ടുകാർ പറഞ്ഞു.
അപ്രതീക്ഷിതമായി കാട്ടാനശല്യം ഉണ്ടായതിനാൽ ആരും സംഭവം അറിഞ്ഞില്ല. ഇന്നലെ രാവിലെ പുരയിടത്തിലെ വാഴകൾ ചവിട്ടി മെതിച്ചും ഒടിഞ്ഞും കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് ആനകളുടെ ആക്രമണമുണ്ടായതെന്ന് വ്യക്തമായത്.
കൃഷിയിടത്തിൽനിന്നു പിൻവാങ്ങിയ ആനക്കൂട്ടം അടുത്ത തേക്കിൻകൂപ്പിൽ നിലയുറപ്പിച്ചിട്ടുണ്ട്. അതിനാൽ ആനകൾ വീണ്ടും കൃഷിയിടത്തിലിറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.