മിന്നുമണിയുടെ നേട്ടത്തിൽ തൊടുപുഴയ്ക്കും അഭിമാനം
1373353
Sunday, November 26, 2023 12:06 AM IST
തൊടുപുഴ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരമായ മിന്നുമണി ഇന്ത്യ എ വനിത ക്രിക്കറ്റ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിൽ തൊടുപുഴയ്ക്കും അഭിമാനം. മിന്നുമണിയുടെ ക്രിക്കറ്റ് നേട്ടങ്ങൾക്കു പിന്നിൽ ഇടുക്കിയുടെ കൈയൊപ്പും പതിഞ്ഞിട്ടുണ്ട്.
വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിനിയായ മിന്നുമണി 2012-14 കാലഘട്ടത്തിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥിയായിരുന്നു. സ്കൂളിനോടനുബന്ധിച്ചുണ്ടായിരുന്ന ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനമാണ് താരത്തിന്റെ ക്രിക്കറ്റ് മോഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നത്.
മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് മിന്നുമണി എട്ടാം ക്ലാസ് വരെ പഠിച്ചത്. അവിടെ കായികാധ്യാപികയായ എൽസമ്മ ബേബിയാണ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചത്. തുടർന്ന് മികച്ച പരിശീലനത്തിലൂടെ വയനാട് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിൽ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂണിയർ പെണ്കുട്ടികളുടെ ക്യാന്പിലേക്കും സെലക്ഷൻ ലഭിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള അക്കാദമി അന്ന് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും പ്രവർത്തിച്ചിരുന്നു. ഇവിടെയാണ് പിന്നീട് രണ്ടു വർഷത്തോളം പരിശീലനം തുടർന്നത്. അന്ന് സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ജെയിംസ് ടി. മാളിയേക്കലും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും താരങ്ങൾക്ക് മികച്ച പിന്തുണ നൽകി.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള കുട്ടികൾ അന്ന് സെന്റ് സെബാസ്റ്റ്യൻസ്സ്കൂളിനോടനുബന്ധിച്ചുള്ള ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നേടിയിരുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷനായിരുന്നു ഇവർക്കുള്ള താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. രഞ്ജി ട്രോഫി താരങ്ങളും മറ്റുമായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്. പരിശീലനത്തിനു ശേഷം മിന്നുമണി ഇവിടെനിന്ന് വയനാട്ടിലേക്ക് മടങ്ങി.
പിന്നീട് തൊടുപുഴയിലെ ക്രിക്കറ്റ് അക്കാദമിയുടെ പ്രവർത്തനവും നിലച്ചു. മിന്നുമണി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മിന്നും താരമായി മാറുന്നത് തൊടുപുഴയ്ക്കും സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനും അഭിമാനമാനമാണെന്ന് ജെയിംസ് ടി. മാളിയേക്കൽ പറഞ്ഞു.
പ്രഫഷണലായി ക്രിക്കറ്റ് കളിച്ചു തുടങ്ങിയത് തൊടുപുഴയിൽ പരിശീലനത്തിന് എത്തിയതു മുതലാണെന്ന് മിന്നുമണി പറഞ്ഞു. ജിനി, സോണിയ മോൾ, നൗഫൽ എന്നിവരായിരുന്നു തൊടുപുഴയിലെ പരിശീലകർ. പരിശീലനത്തിനു പുറമേ പത്താം ക്ലാസ് പരീക്ഷാ തയാറെടുപ്പുകൾക്കും ഇവരുടെ പിന്തുണ മറക്കാനാകില്ലെന്നും ഇടുക്കിയെക്കുറിച്ച് നിറമുള്ള ഓർമകളാണുള്ളതെന്നും മിന്നുമണി പറഞ്ഞു.