ക്രൈസ്തവ ദേവാലയങ്ങളുടെ കണക്കെടുപ്പ് ഉദ്ദേശ്യശുദ്ധി വെളിപ്പെടുത്തണം: കത്തോലിക്ക കോൺഗ്രസ്
1373351
Sunday, November 26, 2023 12:01 AM IST
കരിമ്പൻ: കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളുടെ കണക്കെടുക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ ശ്രമങ്ങളുടെ പിന്നിലെ ഉദ്ദേശ്യശുദ്ധി വെളിപ്പെടുത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ ആവശ്യപ്പെട്ടു.
എന്തിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു കണക്കെടുപ്പ് നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പരാതി നൽകിയ ഇതര സംസ്ഥാനക്കാരന്റെ ലക്ഷ്യം എന്തെന്നും വ്യക്തമാക്കണം. കേരളത്തിലെ എല്ലാ മത സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും കണക്കെടുപ്പ് നടത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് തയാറാകുമോയെന്നും അറിയണം.
ജനങ്ങളിൽ ഭീതിയും വിഭാഗീയതയും വളർത്തുന്നതിനായി നടത്തുന്ന ഇത്തരം ശ്രമങ്ങളെ ജനങ്ങൾ ജാഗ്രതയോടെ കാണണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി മുന്നറിയിപ്പു നൽകി.
കർഷക ആത്മഹത്യകൾ വർധിച്ചുവരികയും ജനങ്ങൾ വന്യമൃഗ ആക്രമണത്തിൽ വലയുകയും ലൈഫ് പദ്ധതിയിൽ വീടിനായി കാത്തിരിക്കുന്നവർ ദുരിതമനുഭവിക്കുകയും ചെയ്യുന്പോൾ അവരുടെ കണക്കെടുപ്പ് നടത്തി പരിഹാരമുണ്ടാക്കാൻ ശ്രമിക്കേണ്ടവർ വിഭാഗീയത വളർത്തി ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ശ്രമങ്ങളിൽ കത്തോലിക്ക കോൺഗ്രസ് രൂപത സമിതി പ്രതിഷേധിച്ചു.