ദോശ കിട്ടിയില്ല; ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു
1340015
Wednesday, October 4, 2023 12:07 AM IST
കട്ടപ്പന: കച്ചവടം അവസാനിപ്പിച്ച തട്ടുകടയിൽനിന്നു ദോശ ലഭിക്കാഞ്ഞതിനെത്തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചെടുത്ത് പരാക്രമം. പുളിയന്മലയിലെ തട്ടുകട ജീവനക്കാരൻ പുളിയന്മല ചിത്രാഭവനിൽ ശിവചന്ദ്രന്റെ (36) മൂക്കാണ് യുവാവ് കടിച്ചുപറിച്ചത്.
കഴിഞ്ഞ രാത്രി പത്തരയോടെയായിരുന്നു സംഭവം. സമീപത്ത് ബേക്കറി നടത്തുന്ന വ്യക്തിയുടെ മകനാണ് അക്രമം നടത്തിയത്. തട്ടുകടയിലെ ഭക്ഷണസാധനങ്ങൾ തീർന്നതോടെ ശുചീകരണ ജോലികൾ പൂർത്തിയാക്കി അടയ്ക്കാൻ തുടങ്ങുന്നതിനിടെയാണ് യുവാവ് ഭക്ഷണം ചോദിച്ച് എത്തിയത്. എല്ലാം തീർന്നെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ, കടയുടമയ്ക്ക് കഴിക്കാൻ വച്ചിരുന്ന ഭക്ഷണം കണ്ട് ഇയാൾ പ്രകോപിതനായി ജീവനക്കാരുമായി വാക്കേറ്റമായി. തുടർന്ന് മാണിക്യം എന്ന ജീവനക്കാരനെ മർദിച്ചു. ഇതുകണ്ട് തടസം പിടിക്കാൻ എത്തിയപ്പോഴാണ് ശിവചന്ദ്രനെ മർദിച്ച് മൂക്ക് കടിച്ചുപറിച്ചത്.
സാരമായി പരിക്കേറ്റ ഇയാളെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. വണ്ടൻമേട് പോലീസ് കേസെടുത്ത് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.