വ്യാജച്ചാരായ വാറ്റും വിൽപ്പനയും: രണ്ടു പേർ പിടിയിൽ
1340009
Wednesday, October 4, 2023 12:07 AM IST
തൊടുപുഴ: പെരിങ്ങാേശേരി, ഉപ്പുകുന്ന് മേഖലയിൽ മൂലമറ്റം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വാറ്റു കേന്ദ്രം കണ്ടെത്തി. 220 ലിറ്റർ കോടയും ഒൻപതു ലിറ്റർ നാടൻ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വാറ്റുകേന്ദ്രം നടത്തിയിരുന്ന പെരിങ്ങാശേരി മണത്തോട്ടത്തിൽ ബൈജു കുമാർ, സഹായി പാലയ്ക്കപ്ലാക്കൽ ആനന്ദ് എന്നിവരെ അറസ്റ്റു ചെയ്തു.
പെരിങ്ങാശേരി താന്നിയ്ക്കപ്പടി - താഴെ മൂലക്കാട് റോഡിന് സമീപമുള്ള പഞ്ചായത്ത് വക കുളത്തിനു സമീപമുള്ള ചെറുവെള്ളച്ചാട്ടത്തിനു സമീപമായിരുന്നു വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ലോട്ടറി കച്ചവടത്തിന്റെ മറവിലായിരുന്നു നാട്ടുകാരനായ ബൈജു കുമാറിന്റെ ചാരായ വില്പന. ഒരു ലിറ്റർ ചാരായം 600 രൂപയ്ക്കായിരുന്നു വിൽപ്പനയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിൽ ഇയാൾ ലക്ഷങ്ങൾ സന്പാദിച്ചതായും ഇവർ പറഞ്ഞു.
വാറ്റു കേന്ദ്രത്തിൽ നിന്ന് നാല് വലിയ കന്നാസുകളിൽ കോടയും, രണ്ട് മണിക്കൂർ കൊണ്ട് 30 ലിറ്റർ ചാരായം വാറ്റാൻ സജ്ജമാക്കിയ വലിയ വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഉപ്പുകുന്ന് , പെരിങ്ങാശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ വാറ്റു ചാരായ വില്പന നടക്കുന്നുണ്ടെന്നുള്ള എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ റിമാൻഡ് ചെയ്തു.
റെയ്ഡിന് അസി.എക്സൈസ് ഇൻസ്പെക്ടർ ജി.കിഷോർ, പ്രിവന്റീവ് ഓഫീസർമാരായ കുഞ്ഞുമുഹമ്മദ്, സാവിച്ചൻ മാത്യൂ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ കെ.കെ.സജീവ് , എൻ.രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ചാൾസ് എഡ്വിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ടി.സുമീന, എക്സൈസ് ഡ്രൈവർ സനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.