റോഡുകൾ തകർന്നു; നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു
1340008
Wednesday, October 4, 2023 12:07 AM IST
ഉപ്പുതറ: ഉപ്പുതറ-തവാരണ-ലോൺട്രി റോഡു നിർമാണത്തിലെ അനാസ്ഥയിൽ തവാരണ പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ വാഴയും ഏലവും നട്ടു പ്രതിഷേധിച്ചു. വർഷങ്ങളായി തകർന്നു കിടന്ന ഏലപ്പാറ - ഉപ്പുതറ റോഡ് ബിഎംബിസി നിലവാരത്തിൽ പണിയാൻ 2016 ൽ 16 കോടി രൂപ കേന്ദ്രാവിഷ്കൃത ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, എസ്റ്റിമേറ്റിലെ പിഴവുമൂലം ഫണ്ട് തികയാതെ റോഡ് നിർമാണം ലോൺട്രി ഫാക്ടറിക്കു താഴെ അവസാനിപ്പിച്ചു.
നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞ വർഷം പ്രാദേശിക വികസന ഫണ്ടിൽ നിന്നും വാഴൂർ സോമൻ എം എൽ എ 50 ലക്ഷം രൂപ അനുവദിച്ചു. വീതി കൂട്ടാൻ ഏതാനും ഭാഗം മണ്ണെടുക്കുകയും നിർമാണ സാമഗ്രികൾ ഇറക്കുകയും ചെയ്തതോടെ നിർമാണം വീണ്ടും നിലച്ചു. ലോൺട്രി മുതൽ ഉപ്പുതറ വരെയുള്ള 2.8 കിലോമീറ്റർ ദൂരം തകർന്നുകിടക്കുകയാണ്.
കുണ്ടും കുഴിയും വെള്ളക്കെട്ടും കാരണം വാഹനത്തിലും കാൽനടയായും ഇതു വഴിയുള്ള യാത്ര ക്ലേശകരമാണ്. പല തവണ ആവശ്യമുന്നയിച്ചിട്ടും നിർമാണം നടത്താൻ കരാറുകാരൻ തയ്യാറായില്ല.
ഫണ്ട് അനുവദിച്ച എംഎൽഎയും നിർമാണച്ചുമതലയുള്ള ജില്ലാ നിർമിതി കേന്ദ്രവും നടപടി സ്വീകരിക്കാതെവന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങിയത്.
പൗരസമിതി പ്രസിഡന്റ് ധനേഷ് ശിവൻ ,സെക്രട്ടറി കെ.വൈ .ലൂയിസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
അതിനിടെ ബിലീവിയേഴ്സ് ചർച്ച് മുതൽ തവാരണ വരെ നിർമാണം നടത്താൻ ഉപ്പുതറ പഞ്ചായത്ത് 20 ലക്ഷം അനുവദിച്ചതായി വാർഡ് മെംബർ സിനി ജോസഫ് അറിയിച്ചു. എംഎൽഎ അനുവദിച്ച ഫണ്ട് മതിയാകാത്ത സാഹചര്യത്തിലാണ് ഫണ്ട് അനുവദിച്ചത്.