മണ്ണിടിച്ചിൽ ഭീഷണിയിൽ തട്ടേക്കണ്ണിയിൽ രണ്ടു കുടുംബങ്ങൾ
1339266
Friday, September 29, 2023 11:27 PM IST
ചെറുതോണി: മണ്ണിടിച്ചിൽ ഭീഷണിയിൽ തട്ടേക്കണ്ണിയിലെ രണ്ടു കുടുംബങ്ങൾ. തട്ടേക്കണ്ണിയിൽ മൂന്നു സെന്റിൽ കഴിയുന്ന പുത്തൻപുരയ്ക്കൽ സോമനും കരിപ്പേലിക്കുടി ബാബുവുമാണ് ആശങ്കയോടെ കഴിയുന്നത്.
വീടിനു ചുറ്റും വിള്ളൽ വീണതാണ് കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്. സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുമ്പോഴും വർഷങ്ങളായി വീട് ലഭിക്കാത്തതിന്റെ നിരാശയിലാണ് കുടുംബങ്ങൾ.
2018ലെ കാലവർഷക്കെടുതിയിൽ വീടിന്റെ മുൻഭാഗത്തും പിൻഭാഗത്തും മൺതിട്ടകൾക്ക് വിള്ളൽ വീണതാണ് വീടിനു ഭീഷണിയായിരിക്കുന്നത്. അന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്ത് പരിശോധന നടത്തി ഇവിടം വാസയോഗ്യമല്ലെന്ന് റിപ്പോർട്ട് നൽകിയതല്ലാതെ നടപടികളൊന്നുമുണ്ടായില്ല. പ്രദേശത്ത് ഏതുഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായാലും ഈ രണ്ടു വീടുകളും അപകടത്തിലാകും.
പ്രളയത്തിൽ തകർന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകളിൽ കഴിഞ്ഞ നിരവധി കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകിയെങ്കിലും ഈ കുടുംബങ്ങൾക്ക് മാത്രം പകരം വീടും സ്ഥലവും ഇതുവരെ അനുവദിച്ചിട്ടില്ല.
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
എന്നാൽ, അഞ്ചു വർഷം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനാൽ കളക്ടർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ കുടുംബങ്ങൾ. മഴക്കാലമായതോടെ രാത്രിയിൽ ഉറക്കമില്ലാതെ കഴിച്ചു കൂട്ടുകയാണ് ഇവർ.