മുള്ളരിങ്ങാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷം
1339254
Friday, September 29, 2023 11:17 PM IST
വണ്ണപ്പുറം: മുള്ളരിങ്ങാട്-ചാത്തമറ്റം-പൈങ്ങോട്ടൂർ റോഡിൽ കാട്ടാനശല്യം രൂക്ഷമായി. രാത്രിയിലാണ് ആന പതിവായി റോഡിലിറങ്ങുന്നത്. യാത്രക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ കാട്ടാനയുടെ മുന്പിൽ അകപ്പെടുമെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ പുലർച്ചെ ഇതുവഴി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവർക്ക് ആനയെ റോഡരികിൽ കണ്ടതിനെത്തുടർന്ന് മുന്നോട്ടു പോകാനായില്ല. പിന്നീട് വലിയ വാഹനങ്ങൾ എത്തിയപ്പോഴാണ് ആന പിൻവാങ്ങിയതും മറ്റു വാഹന യാത്രക്കാർക്ക് കടന്നുപോകാൻ കഴിഞ്ഞതും.
ജൽ ജീവൻ കുടിവെള്ള പദ്ധതിക്കായി റോഡരിൽ ഇട്ടിരിക്കുന്ന പൈപ്പുകൾ ആന റോഡിലേക്ക് നീക്കിയിട്ടതിനാൽ ഇതുവഴി പോയ കാറും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുകയും ചെയ്തു.
മുള്ളരിങ്ങാട് മേഖലയിൽ പതിവായി കാട്ടാനശല്യം രൂക്ഷമായി തുടരുന്പോഴും ഇവയെ കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പിന്റെ നടപടിയിൽ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്.