സ്കൂൾകുട്ടികളുമായി വന്ന ബസ് അപകടത്തിൽപ്പെട്ടു
1339250
Friday, September 29, 2023 11:17 PM IST
രാജാക്കാട്: മുല്ലക്കാനം തുണ്ടിവളവിൽ ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽനിന്നു മൂന്നാറിലേക്കു സ്കൂൾകുട്ടികളുമായി വിനോദയാത്രയ്ക്ക് വന്ന ടൂറിസ്റ്റ് ബസ് വളവ് തിരിയാതെ തുണ്ടിയിൽ പുരയിടം റോഡിലേക്ക് കയറി പിന്നിലേക്കു പോവുകയായിരുന്നു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചെമ്മണ്ണാർ ഗ്യാപ് റോഡിന്റെയും ഉടുമ്പൻചോല രണ്ടാംമൈൽ റോഡിന്റെയും ഭാഗമായുള്ള റോഡിലെ കൊടുംവളവിലാണ് അപകടമുണ്ടായത്. മുന്പും നിരവധി പ്രാവശ്യം ഇവിടെ ടൂറിസ്റ്റ് ബസ് അടക്കമുള്ള വാഹനങ്ങൾ വളവു തിരിയാതെ റോഡിൽ കുടുങ്ങിയിട്ടുണ്ട്.
രണ്ടാഴ്ച മുന്പ് വളവിൽ കുരുങ്ങിയ ബസ് ജെസിബി ഉപയോഗിച്ച് വലിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനം ഇടിച്ച് റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറും തകർന്നു.
റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുന്നതിനു മുന്പ് അപകടവളവ് നിവർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.