ദൗത്യസംഘത്തിന്റെ ആവശ്യമില്ലെന്ന് സിപിഎം
1339248
Friday, September 29, 2023 11:17 PM IST
ചെറുതോണി: പുതിയൊരു ദൗത്യസംഘത്തിന്റെ ആവശ്യം മൂന്നാറിലില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ്. 1957 മുതൽ മൂന്നാറിൽ പ്രവർത്തിക്കുന്നതാണ് സിപിഎം പാർട്ടി ഓഫീസ്. പാർട്ടി ഓഫീസിന് അംഗീകൃത പട്ടയം ലഭിച്ചിട്ടുള്ളതാണ്.
റദ്ദ് ചെയ്യപ്പെട്ട 545 രവീന്ദ്രൻ പട്ടയത്തിലുള്ളതാണ് പാർട്ടി ഓഫീസും. 45 പട്ടയങ്ങൾ തിരിച്ചു നൽകിയിട്ടുണ്ട്. ബാക്കി പട്ടയങ്ങൾ തിരികെ നൽകുന്ന കൂട്ടത്തിൽ നിയമാനുസൃതം തന്നെ പാർട്ടി ഓഫീസിനും പട്ടയം ലഭിക്കും.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് മാത്രമാണ് ജില്ലാ കളക്ടർ നൽകിയിരിക്കുന്നതെന്നാണ് സർവകക്ഷിയോഗത്തിൽ കളക്ടർ അറിയിച്ചത്.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിവേദിത പി. ഹരന്റെ റിപ്പോർട്ട് അപ്പാടെ തള്ളിക്കളഞ്ഞതാണ്. മൂന്നാറിൽ പട്ടയം റദ്ദ് ചെയ്യപ്പെട്ട പ്രദേശത്തു മാറിത്താമസിക്കാൻ മാർഗമില്ലാതെ വീടുവച്ച് താമസിക്കുന്നവർ ഉണ്ടോയെന്നു പരിശോധിക്കാനാണ് കോടതി നിർദേശിച്ചത്.
അല്ലാതെ അനധികൃത കൈയേറ്റം പരിശോധിക്കാനല്ല. ഈ പരിശോധനാസംഘത്തെ ദൗത്യസംഘമെന്ന് വിശേഷിപ്പിക്കേണ്ടതില്ല. ദൗത്യസംഘമെന്നാൽ ഇടിച്ചു പൊളിക്കാൻ വരുന്നവർ എന്നാണോയെന്നും സി.വി. വർഗീസ് ചോദിച്ചു.
ഭൂപ്രശ്നം: ജില്ലാ കളക്ടർക്കെതിരേഎൽഡിഎഫ് നേതൃത്വം
മൂന്നാർ: ജില്ലയിലെ ഭൂമിപ്രശ്നത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ നിലപാടിനെതിരേ എല്‍ഡിഎഫ് രംഗത്ത്. ജില്ലാ കളക്ടറും ഡീന്‍ കുര്യാക്കോസ് എംപിയും ബന്ധുക്കളാണെന്നും ഇവര്‍ ചേര്‍ന്നാണ് ജില്ലയിലെ ഭൂമിപ്രശ്നങ്ങള്‍ വഷളാക്കുന്നതെന്നും ഇതില്‍ ഗൂഢാലോചന ഉണ്ടെന്നും സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ ആരോപിച്ചു.
കോടതി നിയോഗിച്ചിരിക്കുന്ന അമിക്കസ്ക്യൂറിമാരായ ഹരീഷ് വാസുദേവനും രഞ്ജിത്ത് തമ്പാനുമാണ് ജില്ലാ കളക്ടറെ ഭരിക്കുന്നത്. ഇവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ കളക്ടര്‍ അതേപടി അംഗീകരിക്കുകയാണ്.
അതേസമയംതന്നെ എംപി പത്രസമ്മേളനം വിളിച്ചുകൂട്ടി റിപ്പോര്‍ട്ട് ജനങ്ങളെ അറിയിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം ആരോപിച്ചു. മൂന്നാറിനു സമീപ പ്രേദേശങ്ങളിൽ നടക്കുന്ന കൈയേറ്റങ്ങള്‍ മൂന്നാറിന്റെ പേരിലാക്കുകയാണ്. മുന്നാറിൽ നിലവിൽ കൈയേറ്റങ്ങൾ ഇല്ല.
ദൗത്യസംഘത്തെ നിയോഗിച്ച് മൂന്നാറില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അത് തടയുമെന്നും എൽഡിഎഫ് പ്രദേശിക നേതൃത്വം പത്രസമ്മേളനത്തില്‍ അറിയിച്ചു.