പശുപ്പാറ കവല-വാഗമൺ ലിങ്ക് റോഡിന് സാങ്കേതിക അനുമതിയായി
1339055
Thursday, September 28, 2023 11:27 PM IST
ഉപ്പുതറ: പശുപ്പാറ കവല-ഏഴാം നമ്പർ-വാഗമൺ ലിങ്ക് റോഡിന് സാങ്കേതിക അനുമതിയായി. വിവിധ കാരണങ്ങളാൽ തടസപ്പെട്ടുകിടന്ന റോഡ് നിർമാണത്തിന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നിരന്തര ഇടപെടലിനെത്തുടർന്നാണ് അനുമതി ലഭിച്ചത്.
2020-ൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മുൻ എംഎൽഎ ഇ.എസ്. ബിജിമോളാണ് ഫണ്ട് അനുവദിപ്പിച്ചത്. ആറു മീറ്റർ വീതിയിൽ റോഡ് നിർമിക്കാനായിരുന്നു ആദ്യത്തെ എസ്റ്റിമേറ്റ്. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണുപരിശോധന നടത്തി.
റീബിൽഡ് കേരളയിലുള്ള റോഡുകൾക്ക് എട്ടു മീറ്റർ വീതി നിർബന്ധമാക്കി സർക്കാർ ഉത്തരവുണ്ടായതോടെ അതനുസരിച്ചുള്ള എസ്റ്റിമേറ്റും മണ്ണു പരിശോധനയും വേണ്ടിവന്നു. കാൽ നൂറ്റാണ്ടായി റോഡ് തകർന്ന അവസ്ഥയിലാണ്.
ഉപ്പുതറ-ഏലപ്പാറ റൂട്ടിലെ കാറ്റാടിക്കവലയിൽനിന്നു ഉപ്പുതറ-വാഗമൺ റൂട്ടിലെ ഏഴാം നമ്പർ റോഡുമായി ബന്ധിപ്പിക്കാൻ ആറര കിലോമീറ്റർ ദൂരമാണുള്ളത്. ആറു മീറ്റർ വീതിയിൽ സാധാരണ നിലവാരത്തിലുള്ള നിർമാണം ലക്ഷ്യമിട്ടാണ് മൂന്നു കോടി രൂപ അനുവദിച്ചത്.
എന്നാൽ, പുതിയ എസ്റ്റിമേറ്റ് പ്രകാരം എട്ടു മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കാൻ അനുവദിച്ച ഫണ്ട് മതിയാകില്ല. പശുപ്പാറ വരെയുള്ള നിർമാണത്തിനേ അനുവദിച്ച ഫണ്ട് തികയുകയുള്ളൂ.
പദ്ധതി പൂർണമാകാൻ അവിടെനിന്നു നാലു കിലോമീറ്റർ കൂടി റോഡ് നിർമിക്കേണ്ടതുണ്ട്. റോഡ് നിർമിക്കാൻ പശുപ്പാറ എസ്റ്റേറ്റ് നാലേക്കറോളം ഭൂമി വിട്ടുനൽകിയിട്ടുണ്ട്.