ഞങ്ങളും കൃഷിയിലേക്ക്: ജില്ലയിൽ രൂപീകരിച്ചത് 848 കൃഷിക്കൂട്ടങ്ങൾ
1339047
Thursday, September 28, 2023 11:17 PM IST
തൊടുപുഴ: ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉത്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് കൃഷിവകുപ്പ് ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ ജില്ലയിൽ രൂപീകരിച്ചത് 848 കൃഷിക്കൂട്ടങ്ങൾ.
ഉത്പാദന, വിപണന, മൂല്യവർധിത മേഖലകൾ കേന്ദ്രീകരിച്ച് ആവിഷ്കരിച്ച കൃഷിക്കൂട്ടങ്ങൾ വഴി ഉത്പാദിപ്പിച്ച കാർഷികോത്പന്നങ്ങൾ ഇനി കേരള അഗ്രോ ബിസിനസ് കന്പനി വഴി വിപണിയിലെത്തും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ വാർഡിലും ഒരു കൃഷിക്കൂട്ടമെങ്കിലും രൂപീകരിച്ച് നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യവിളകളുടെ ഉത്പാദനം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള അഗ്രോ എന്ന ബ്രാൻഡോടെയായിരിക്കും ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുക. കൂടുതൽ കർഷകരെ ഉൾപ്പെടുത്തി ജില്ലയിൽ കൃഷിക്കൂട്ടങ്ങളുടെ എണ്ണം വർധിപ്പിച്ച് പദ്ധതി വിപുലമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
ഓരോ വ്യക്തിയെയും അതിലൂടെ കുടുംബത്തെയും തുടർന്ന് സമൂഹത്തെയും കൃഷിയിലേക്ക് കൊണ്ടു വരുന്ന പദ്ധതി സംസ്ഥാന വ്യാപകമായാണ് സർക്കാർ നടപ്പാക്കുന്നത്. ഒരു സെന്റ് മുതൽ ഒരു ഹെക്ടർ വരെയുള്ള സ്ഥലത്ത് കൃഷി ചെയ്യാം.
കർഷകരുടെ കൃഷിഭൂമി മുതൽ തരിശായി കിടക്കുന്ന എവിടെയും പദ്ധതിക്കായി കൃഷിയിറക്കാം. പുതുതായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്നതിനുള്ള കാർഷിക രീതികളും പരിമിതമായ ഇടങ്ങളിൽ കൃഷിചെയ്യാനുള്ള സാങ്കേതിക പരിശീലനങ്ങളും അംഗങ്ങൾക്ക് നൽകും. കൃഷിക്ക് ആവശ്യമായ വിത്തുകളും തൈകളും ജൈവ കീടനാശിനികളും നൽകും.
കൃഷിയിൽ താത്പര്യം വർധിപ്പിക്കാനും കാർഷിക സംസ്കാരം വീണ്ടെടുക്കാനുമുള്ള പ്രചാരണ പരിപാടികൾകൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന കർഷകർക്കെല്ലാം കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കും.
വിളകൾ മൂല്യവർധിത സംരംഭങ്ങൾ വഴി വിപണിയിലെത്തിച്ചാൽ പ്രത്യേക പ്രോത്സാഹനവും ലഭിക്കും. കൃഷിഭവനുകൾ കേന്ദ്രീകരിച്ചാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നത്.
കൃഷി അസിസ്റ്റന്റുമാരാണ് ഓരോ മേഖലയിലും പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. ജില്ലയിൽ ആകെ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളിൽ 648 എണ്ണം ഉത്പാദന മേഖലയിലും 83 എണ്ണം സേവനമേഖലയിലും 117 എണ്ണം വിപണന മേഖലയിലുമാണ് രൂപീകരിച്ചിരിക്കുന്നത്. നിലവിൽ ജില്ലയിൽ പദ്ധതിപ്രകാരം ഉത്പാദിപ്പിക്കുന്ന വിളകൾ വിപണിയിൽ എത്തിത്തുടങ്ങിയെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.
ഇവ വിപണിയിലെത്തിക്കുന്ന കേരള അഗ്രോ ബിസിനസ് കന്പനി കഴിഞ്ഞ മാസം 17നാണ് നിലവിൽ വന്നത്. ഇനി കന്പനി വഴി ഉത്പന്നങ്ങൾ ഉടൻതന്നെ വിപണിയിലെത്തിക്കാനാണ് നീക്കം. നിലവിൽ പ്രാദേശിക അടിസ്ഥാനത്തിൽ ഇക്കോ ഷോപ്പുകളിലൂടെയും ചെറുകിട കച്ചവടക്കാർ വഴിയും ഉത്പന്നങ്ങൾ വിപണിയിലെത്തുന്നുണ്ട്.
ഇനി ഓണ്ലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സൗകര്യവും ഒരുക്കുന്നതോടെ കർഷകർക്ക് കൂടുതൽ പ്രയോജനകരമാകും. വിളകൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തുന്നതോടെ കർഷകരുടെ വരുമാനത്തിലും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.