അനധികൃത മരംമുറി രണ്ടു വനംഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
1339045
Thursday, September 28, 2023 11:17 PM IST
അടിമാലി: അനധികൃതമായി മരം മുറിക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദ്, ഫോറസ്റ്റർ കെ.എം. ലാലു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മരക്കച്ചവടക്കാരിൽനിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. റേഞ്ച് ഓഫീസറെ ജില്ലയ്ക്കു പുറത്തേക്ക് നേരത്തേ സ്ഥലം മാറ്റിയിരുന്നു.വനംവകുപ്പിന്റെ ഒത്താശയോടെ കൈവശഭൂമിയിൽനിന്നു മരം മുറിച്ചത് കടത്തിക്കൊണ്ടുപോകാൻ കഴിയാതെ വന്നതിനാൽ തടിവ്യാപാരിയുടെ ആത്മഹത്യാ ഭീഷണിയുടെ ശബ്ദരേഖ പുറത്തു വന്നിരുന്നു.
അടിമാലി ഗ്രാമ പഞ്ചായത്തിലെ പഴന്പള്ളിച്ചാലിലെ കർഷകരുടെ കൈവശഭൂമിയിൽനിന്നു മരം വിലയ്ക്കെടുത്ത തടിവ്യാപരി നോബിൾ ആറാം മൈലിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി നടത്തിയ ഫോണ് സംഭാഷണമാണ് പുറത്തായത്.
തടി ലോഡ് കൊണ്ടുപോകുന്നതിന് കഴിയാതെ വന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ അഡ്വാൻസായി വാങ്ങിയ കൈക്കൂലി തുക തിരികെ ഗൂഗിൾ പേ ചെയ്തു തരണമെന്ന് ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ആറു മാസമായി ഈ മേഖലയിൽനിന്നു വ്യാപകമായി മരം മുറിച്ചു കടത്തുകയായിരുന്നു. ഒരു ലോഡിന് 30,000 രൂപ വരെയായിരുന്നു കൈക്കൂലി.