ഭൂനിയമ ഭേദഗതി മന്ത്രി റോഷിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: കേരള കോണ്ഗ്രസ്
1339043
Thursday, September 28, 2023 11:17 PM IST
തൊടുപുഴ: നിയമസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ജില്ലയുടെ മാഗ്നാകാർട്ടയാണെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും കർഷകവഞ്ചനയുമാണെന്ന് കേരള കോണ്ഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നിയമസഭ ഏകകണ്ഠമായാണ് നിയമം പാസാക്കിയതെന്ന കാരണം ചൂണ്ടിക്കാട്ടി ഈ ഭേദഗതിയോടെ ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെട്ടെന്നാണ് എൽഡിഎഫും മന്ത്രിയും പ്രചരിപ്പിക്കുന്നത്.
ബില്ലിൽ എല്ലാ അനധികൃത നിർമാണങ്ങളും ക്രമവത്കരിക്കാനും നിലവിൽ പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ സർക്കാരിന്റെ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രത്യേക സാഹചര്യത്തിൽ നിർമാണ അനുമതി നൽകുന്നതിനുമുള്ള രണ്ടു വ്യവസ്ഥകൾ മാത്രമാണുള്ളത്. ഈ രണ്ടു വ്യവസ്ഥകളോടും എതിർപ്പില്ലാത്തതിനാലാണ് നിയമം പാസാക്കാൻ യുഡിഎഫ് സഹകരിച്ചത്.
എന്നാൽ, ഈ വ്യവസ്ഥകൾകൊണ്ട് ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയില്ലെന്നും ഉപാധിരഹിതമായി ഭൂമി സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം ഉടമകൾക്ക് ലഭിക്കത്തക്ക നിലയിൽ മൂലനിയമത്തിൽ പട്ടയഭൂമി കൃഷിക്കും ഭവന നിർമാണത്തിനും മറ്റും മാത്രമേ ഉപയോഗിക്കാനാവൂ എന്ന ചട്ടം റദ്ദ് ചെയ്യണമെന്നും പി.ജെ. ജോസഫ് എംഎൽഎ നിയമസഭയിൽ ഭേദഗതി അവതരിപ്പിച്ചെങ്കിലും ഇതംഗീകരിക്കാൻ സർക്കാർ തയാറായില്ല.
ഭേദഗതി നിർദേശങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിൽ ഭൂഉടമകൾക്ക് പട്ടയവസ്തുവിൽ നിർമാണം നടത്താൻ സ്വാതന്ത്ര്യം ഉണ്ടാവില്ലെന്നു മാത്രമല്ല പുതിയ പട്ടയങ്ങൾക്ക് നിയമസഭ പാസാക്കിയ ഭേദഗതി നിയമത്തിലെ പുതിയ വ്യവസ്ഥകൾ ഒന്നും ബാധകമാവുകയുമില്ല.
ജില്ലയിൽ വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങളിൽ ഭൂരിപക്ഷവും 1993 ചട്ടപ്രകാരമാണ് നൽകിയിട്ടുള്ളതെന്നിരിക്കെ സർക്കാർ ഇപ്പോഴും നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ജില്ലയിൽ നിർമാണ നിരോധനവും ഗുരുതരമായ പ്രത്യാഘാതങ്ങളും ഉടലെടുക്കും. ബില്ലിന്റെ ചർച്ചയിൽ റവന്യുമന്ത്രി 1993-ലെ ചട്ടം ഭേദഗതി ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
നിയമം ലംഘിച്ച് നടത്തിയ നിർമാണങ്ങൾ ക്രമവത്കരിക്കുക എന്നതു മാത്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. അമിത ആവേശത്തിൽ നിയമത്തെ പ്രകീർത്തിക്കുന്ന മന്ത്രി ഭാവിയിൽ ഉണ്ടാകാവുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി ആയിരിക്കുമെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, ഉന്നതാധികാരസമിതി അംഗങ്ങളായ ജോസഫ് ജോണ്, ജോസി ജേക്കബ് എന്നിവർ പങ്കെടുത്തു.